Friday, 27 February 2015

അങ്ങിനെ ഓനും പെട്ടൂല്ലേ...

നുമ്മ പിള്ളാരുടെ കൂടെ ചില
ചേട്ടന്മാർ രാത്രിയിൽ വർത്തമാനം
പറഞ്ഞിരിക്കാൻ വരും..
ചീട്ടുകളീം (കാശു വച്ചല്ലാട്ടോ) നാട്ടുവർത്താനോം
ഒക്കെ കൂടി ആഘോഷമാക്കി രാത്രി ഒരു
പത്തു മണി ആവുമ്പൊഴേക്കും പിരിയും..
അവർക്കതൊരു ആശ്വാസമാണ്‌..
കാരണം പണി കയറി വരുമ്പോഴെക്കും
തരുണീമണികൾ റിമോട്ട് കൈവശപ്പെടുത്തിയിട്ടുണ്ടാകും..
പിന്നെന്ത് ചെയ്യാൻ..

പറഞ്ഞു വന്നത് അക്കാര്യമല്ല,

എന്താന്നു വച്ചാൽ ഇപ്പോഴത്തെ കാർന്നൊന്മാരുടെ
ഒരു സ്ഥിരം ഡയലോഗ് ഉണ്ട്..

ന്യൂ ജനറേഷൻ സിനിമകളിൽ നിന്നു കോപ്പി അടിച്ചതാണ്‌..

അതായത് ആരുടെയെങ്കിലുമൊക്കെ കല്യാണം തീരുമാനിച്ചു എന്നു കേട്ടാൽ
ഒരു ക്ളീഷേ ഡയലോഗ് അങ്ങു കാച്ചും..

“ഓ, എന്തു പറയാനാ ഒരുത്തൻ കൂടി കുരുക്കീ പെട്ടു..
അവൻ അനുഭവിക്കട്ടെ” എന്ന്‌..

അതായത് അവനെന്തോ വലിയ ആപത്തിൽ അകപ്പെട്ട പോലെ..

ഈയിടക്ക് സഭ കൂടിയപ്പൊ നുമ്മടെ ചേട്ടന്റെ (വകേലെ)
കല്യാണത്തിന്റെ കാര്യം പറഞ്ഞു തീർന്നില്ലാ, ദേ വരുണൂ
അശരീരി..

“അപ്പോ, അങ്ങിനെ ഓനും പെട്ടൂല്ലേ”,

അശരീരി അല്ല, മ്മ്ടെ വടക്കേലെ പ്രഭേട്ടനാണ്‌..

പ്രഭേട്ടന്റെ കല്യാണം കഴിഞ്ഞു വർഷം മൂന്നായിരിക്കുന്നു..

സുന്ദരിയായൊരു ടീച്ചർ ആണു ഭാര്യ..

ആയിനത്തിൽ ആളൊരു ട്രോഫിയും അടിച്ചെടുത്തിരുക്കുന്നു..

ട്രോഫിക്കിപ്പോ വയസ്സ് രണ്ടാണ്‌ നടപ്പ്..

ഡയലോഗും കഴിഞ്ഞു സഹതാപത്തിന്റെ ഒരു മിന്നലാട്ടവും
മുഖത്ത് കേറ്റി വച്ചു മൂപ്പര്‌..

അശരീരി വന്നപ്പോ തന്നെ കണാരേട്ടന്റെ വക സപ്പോർട്ട്..

ഇതിന്റെ ബുദ്ധിമുട്ടൊക്കെ പറഞ്ഞാ പിള്ളേർക്ക് തിരിയോ?
എങ്ങിനെ അടിച്ച് പൊളിച്ച് നടന്നതാ പ്രഭ്വേ മ്മളൊക്കെ..

ചീട്ടു കമഴ്ത്തി “കളിവിട്ടുടാ ശശ്യേ” എന്നു പറയാൻ മാത്രം വാ തുറക്കൂന്ന
നിശബ്ദജീവിയാണ്‌ കണാരേട്ടൻ..

അങ്ങേരാണിപ്പോ... ന്റമ്മോ..

കണാരേട്ടനു ട്രോഫികൾ രണ്ടാണ്‌..

യഥാക്രമം അഞ്ചിലും മൂന്നിലും പടിക്കുന്നു..

കാപ്പെരേലെ കുഞ്ഞേട്ടന്റെ മോളേം കൊണ്ട് നാടു വിട്ടോനാ പുള്ളി..

അല്ലാ പിന്നെ, ഈ പിള്ളരൊക്കെ ഇങ്ങനെ നടക്കണ കാണുമ്പോ കൊത്യാവാ..
ആ അതൊക്കെ ഒരു കാലം..

ശശിയേട്ടന്റെ വക...

സപ്പോർട്ടിന്റെ സ്വരങ്ങൾ കൂടിക്കൂടി വന്നു..

സപ്പോർട്ടുകാരെല്ലാം ഒന്നും രണ്ടും വീതം ട്രോഫികൾ സ്വന്തമായുള്ളവർ..

മനുക്കുട്ടന്‌ സംഗതി ശര്യാന്നു തോന്നിത്തുടങ്ങീന്നു തോന്നുന്നു..

കല്യണം ഉറപ്പിച്ച മ്മ്ടെ ചേട്ടൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ
വ്രതോടുത്ത് മലക്കു പോവാനും മതി..

പിന്നെന്താ,

പത്തുമണി കഴിഞ്ഞപ്പോഴെക്കും കണാരേട്ടൻ വാ പിളർന്നു,
ഒരു മാതിരി അപശബ്ദമൊക്കെ പുറപ്പെടുവിച്ച് പതിയെ എണീറ്റു..

ശശ്യേ ഞാൻ പോണൂട്ടോ, ഇനീം ചെന്നില്ലേലേ നിലാവും കണ്ട് കിടക്കേണ്ടി വരും..

കണാരേട്ടൻ കളി നിർത്താൻ കാത്തു നിന്ന പോലെ മറ്റു ട്രോഫി ജേതാക്കളും എണീറ്റു..

ഇനീപ്പോ നാളെ കാണാടാ പിള്ളരേ..

ജാഥ ബാറ്ററി വറ്റിയ ടോർച്ചിന്റെ മഞ്ഞവെളിച്ചത്തിൽ അങ്ങിനെ മാഞ്ഞു പോയി..

എന്തൊരു ത്യാഗമനസ്കർ..

ശിക്ഷ ഏറ്റു വാങ്ങാൻ വീണ്ടും പോവുകയാണ്‌ ഭാര്യമാരുടെ അടുത്തേക്ക്..

ശിക്ഷ ഏറ്റു വങ്ങാൻ പോകുന്ന പോക്കു കണ്ടാൽ തോന്നും എവിടെയോ ബിരിയാണി
തിന്നാൻ പോവുന്ന പോക്കാന്ന്..

എന്തൊരു ശുഷ്കാന്തി..:-)

വാല്ക്കഷ്ണം:
കല്യാണത്തെ കുറ്റം പറയുകയും ചെയ്യും, ചൂടും പറ്റിക്കിടക്കാൻ ഓടേം ചെയ്യും..

എന്താല്ലേ...

ശുഭരാത്രി പ്രിയരേ..

Thursday, 26 February 2015

പൂവണിയുന്ന പ്രണയം



ഞാൻ പദയാത്ര ചെയ്യുന്ന പാതയുടെ
എതിർ ദിശയിൽ നിന്നും എന്നെ
തേടി വരുന്നുണ്ട്..

എന്റെ പ്രണയിനി....

ഇടവഴികൾ ഇല്ലാത്ത ഈ പാതയുടെ
മധ്യത്തിൽ വച്ച് ഞങ്ങൾ സന്ധിക്കും..
അവളെന്നെ ആഹ്ലാദത്തോടെ ആലിംഗനം ചെയ്യും

അന്നവൾ എന്നെ ചുംബിക്കും..
വിശുദ്ധിയുടെ ആദ്യ ചുംബനത്തിന്റെ
മാസ്മരികതയിൽ ഞാൻ നിശബ്ദനായി
നിശ്ചലനായി കിടക്കും..

പ്രിയപ്പെട്ടവരുടെ വിതുമ്പലുകൾ ഞാൻ കേൾക്കും
പക്ഷെ ചുംബന ലഹരിയിൽ വിവശനായ്
ഞാൻ കിടക്കും.. പ്രിയപ്പെട്ടവരെ ഒന്നു
ആശ്വസിപ്പിക്കുവാൻ പോലുമാവാതെ..

അഗ്നിയുടെ ചുടു നാളങ്ങൾക്കും എന്നെ
അന്നു വേദനിപ്പിക്കുവാൻ കഴിയില്ല...
അവളുടെ ആലിംഗനം അത്ര മേൽ
സുഖശീതളമായിരിക്കും...

ഞാൻ അവളിൽ ലയിക്കുകയും
അവൾ എന്നിൽ ജനിക്കുകയും ചെയ്യും..
മാലാഖമാർ ഞങ്ങൾക്കു വേണ്ടി പാടുകയും
ചുവന്ന പനിനീർ പുഷ്പങ്ങൾ
വർഷിക്കുകയും ചെയ്യും..

അന്നു പ്രണയത്തിന്റെ മഴ
ആർത്തലച്ചു പെയ്യുകയും,
വിരഹത്തിന്റെ താഴ്വരകളിൽ
ഉരുൾ പൊട്ടുകയും ചെയ്യും..

അന്നു കുഞ്ഞരുവികൾ കൂലം കുത്തി ഒഴുകുകയും
കടലിനോടു ചേർന്നലിയുകയും ചെയ്യും..
അന്നു പ്രണയവും പൂത്തുലയും...

ദീപു ഇരിഞ്ഞാലക്കുട

Wednesday, 25 February 2015

തണുപ്പ്..

തണുപ്പ്..
******

അപ്പൂന്റെ കയ്യെന്താ ഇങ്ങനേ?
നല്ല തണുപ്പാ നെന്റെ കയ്യിന്‌..

ആദ്യമായി കയ്യിൽ കൈ കോർത്ത നേരത്താണവൾ പറഞ്ഞത്..

ഞാനവളുടെ കൈകളെന്റെ ചുണ്ടോടു ചേർത്തു ചൂടു പകർന്നു..

കള്ളൻ...

ഞാനച്ഛനോടു പറയും...

ഇരുട്ടു കട്ട പിടിച്ച അകായിയിലന്ന് അടിവയറ്റിൽ കൈവിരലുകൾ ഒച്ചിനെപ്പോലെ
ഇഴഞ്ഞപ്പോഴും അവൾക്കു കുളിർന്നിരിക്കണം...

കയ്യിൽ മുറുകെ പിടിച്ചു കൊണ്ടു പറഞ്ഞു...

എന്തു തണുപ്പാ ന്റെ പൊന്നേ?...

സർവ്വ ശക്തിയും സംഭരിച്ചു മാറോടടുക്കി ചോദിച്ചു..

ഇപ്പോ കുളിരുന്നുണ്ടോ പെണ്ണേ?...

ഇല്ലെന്നാവണം...
അവൾ കണ്ണുകൾ ഇറുക്കിയടച്ചു..

അമ്പലനടയിറങ്ങി നെറ്റിയിൽ ചന്ദനം തൊട്ട നേരം,

ചെറുതായൊന്നവൾ വിറച്ചു...

എന്തു തണുപ്പാ ചെക്കാ നെന്റെ കയ്യിന്‌...

കവിളിൽ കൈ പൊതിഞ്ഞ് മൂർദ്ധാവിൽ ഉമ്മ വച്ച നേരം പൊള്ളലേറ്റ പോലെയവൾ പിൻവലിഞ്ഞു...

പിന്നെ കൊലുന്നനെ ചിരിച്ചു....

കെട്ടിപ്പുണരുന്ന കാറ്റിന്റെ കയ്യിൽ നിന്നും കുതറിമാറാനാവണം...
ആലിലകൾ വിറച്ചു കോണ്ടേയിരുന്നു...

ഇന്നീ തണുവോലുന്ന മുറിയിൽ ഏകനായി കിടക്കുമ്പോഴും അവൾ വന്നു..

മരവിച്ച കയ്യിൽ മുറുകെ പിടിച്ചു.

മിഴികളെന്തു കൊണ്ടോ നിറഞ്ഞിരിന്നു...

കയ്യിൽ തണുപ്പരിച്ചിറങ്ങിയിട്ടും
അവൾ പരിഭവം പറഞ്ഞില്ല..

കവിളുകളിൽ ഊർന്നിറങ്ങിയ ചുടുനീർ കുളിരകറ്റിയിരുന്നതിനാലാവണം..

കൂളിരുന്നുവെന്നവൾ പറയാതിരുന്നത്‌...

[ദീപു ഇരിഞ്ഞാലക്കുട..]