Friday, 20 March 2015

പ്രിയപ്പെട്ട സോഫിക്ക്...
**********************
[ദീപു കിഴുത്താനി]

പ്രിയപ്പെട്ട സോഫിക്ക്,
നിനക്കു സുഖമെന്നു വിശ്വസിക്കുന്നു, കർത്താവിന്റെ അനുഗ്രഹത്താൽ ഇവിടെ എല്ലാവർക്കും സുഖം തന്നെ..
നീയയച്ച കത്ത് ഇന്നലെയാണു കയ്യിൽ കിട്ടിയത്, ജയേട്ടന്റെ ഒപ്പം  കറക്കമായിരുന്നു ഒരാഴ്ച..
ജെനുവിനു വെക്കേഷനല്ലേ, പരീക്ഷ തുടങ്ങുന്നതിനു മുമ്പേ അവൻ അപ്പച്ചനോട് പറഞ്ഞു വച്ചിരുന്നതാ..
വെക്കേഷനായപ്പോ ജയേട്ടനു ചെവിതല കോടുത്തില്ല, ഒടുവിൽ ലീവെഴുതിക്കൊടുത്തിട്ട് ഞങ്ങൾ
ചെറുതായൊന്നു നാടു ചുറ്റി...
നീ കണ്ടിട്ടില്ലല്ലോ ജെനുവിനെ?
അടുത്ത അടുത്ത കൊല്ലം ആറിലേക്കാണ്‌, ഏകദേശം എന്റെ തോളൊപ്പമായി. മഹാ വികൃതിയാണ്‌..
എന്ത് പെട്ടെന്നാ പിള്ളേർ വളരുന്നേ അല്ലേ? എന്റെ സാരിത്തുമ്പിൽ തൂങ്ങി നടന്നിരുന്ന പയ്യനാ..
ഇപ്പോ എന്നോളമായി.. ഓർക്കുമ്പോ സന്തോഷാണ്‌, ചിലപ്പോ പേടിയും തോന്നും,
എന്തു പെട്ടെന്നാ കാലം കടന്നു പോകുന്നത്.

ഇന്നലെ നിന്റെ കത്ത് വരാന്തയിൽ കിടക്കുന്നത് കണ്ടപ്പോ ശരിക്കും മനസ്സ് തേങ്ങിപ്പോയി,
സോഫീ നിനക്കറിയുമോ പന്ത്രണ്ടു വർഷങ്ങൾ കഴിയുന്നു എന്നെ തേടി ഒരു കത്ത് വന്നിട്ട്..
നീ ഓർക്കുന്നുണ്ടോ, മഠത്തിൽ മദറിന്റെ മേശപ്പുറത്ത് വിരുന്നെത്തിയിരുന്ന കത്തുകൾ നമ്മെ നോക്കി ചിരി തൂകിയിരുന്ന കാലം..
വാത്സല്യത്തിന്റെ കുളിരും പേറി വിരുന്നെത്തിയിരുന്ന അമ്മച്ചിയുടെ കത്തുകൾ, സ്നേഹത്തിന്റെ ചൂടും കണ്ണീരിന്റെ നനവുമുണ്ടായിരുന്നവർ..
കാലമേറെ കൂടുമ്പോൾ അപൂർവ്വമായെത്താറുള്ള ആ കൂട്ടുകാരൻ നിന്നെ തേടി ഇപ്പോഴും വരാറുണ്ടോ?
അപ്പന്റെ കാർക്കശ്യം നിറഞ്ഞ ഉപദേശങ്ങളും കുഞ്ഞാങ്ങളയുടെ പരിഭവങ്ങളും പേറി മദറിന്റെ മേശപ്പുറത്ത് അവൻ ചിരിക്കാറുണ്ടോ?
ഉണ്ടാവും അല്ലേ, എത്ര പറഞ്ഞാലും കുടുംബത്തിന്റെ സ്നേഹം അതൊരു
മരുപ്പച്ച തന്നെയാണു സോഫീ, കഠിനമായ ഈ മരുഭൂമിയിൽ കുളിരേകുന്നൊരിടം..
അമ്മച്ചിയെ കണ്ടിട്ട് നാളുകളേറെയാവുന്നു. പാവമായിരുന്നു അമ്മച്ചി എന്നോട് ക്ഷമിച്ചിട്ടുണ്ടാകണം,
പാവം അപ്പന്റെ ശാഠ്യം അമ്മച്ചിയേയും വിലക്കിയിട്ടുണ്ടാവണം. കുടുംബത്തിന്റെ മാനം കെടുത്തിയവളോട് ക്ഷമിക്കാൻ ഇനിയും അപ്പനു കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ അമ്മച്ചീടെ പുന്നാര ലീനമോൾക്ക് അമ്മച്ചി കത്തുകളയച്ചേനെ.
ജെനുക്കുട്ടനെ കാണാൻ സഞ്ചി നിറയെ പലഹാരങ്ങളുമായി അവന്റെ വല്യമ്മച്ചി വിരുന്നു വന്നേനെ.
ഇന്നാണു നിന്റെ കത്ത് ശരിക്കൊന്നു വായിക്കാൻ പറ്റിയത്, ഒരാഴ്ച്ചത്തെ യാത്രയുടെ ക്ഷീണം
ശരിക്കും അലട്ടിയിരുന്നു. ജയേട്ടനും ജെനുക്കുട്ടനും ഇപ്പോഴും ഉറങ്ങുകയാണ്‌..
അവരുടെ സ്നേഹം കാണുമ്പോ ഞാനെന്റെ അപ്പനെ ഓർക്കും,
ഞാൻ അപ്പന്റെ മുഖത്ത് നോക്കാൻ പോലും ഭയന്നിരുന്നു..
മഠത്തിൽ ചേർക്കാൻ പോവുകയാണെന്നു പറഞ്ഞപ്പോഴും മറുത്തൊന്നും പറയാൻ
നാവു പൊന്തിയില്ല, മുഖത്തേക്ക് നോക്കാൻ പോലുമായില്ല.. ദാരിദ്ര്യത്തിൽ നിന്നെങ്കിലും രക്ഷ കിട്ടുമല്ലോ എന്നു മാത്രമേ ഓർത്തുള്ളൂ..
എന്റെ സ്വപ്നങ്ങളെ ബലിക്കല്ലിലെറിഞ്ഞുടച്ച് പുറപ്പെടാനൊരുങ്ങി നിന്നു..
മഠത്തിലേക്ക് പുറപ്പെടും നേരം ഞാൻ കരഞ്ഞു പോയത് ചിരി തൂകുന്ന കുഞ്ഞാങ്ങളയുടെ മുഖം കണ്ടപ്പോൾ മാത്രമായിരുന്നു..
എന്നേക്കാളും ഇളയതായി പതിനൊന്നാമനായി അവൻ വന്നിട്ട് രണ്ടു കൊല്ലം മാത്രമെ ആയിരുന്നുള്ളൂ,
എനിക്കവനെ ലാളിച്ച് കൊതി തീർന്നിനിരുന്നില്ല സോഫീ..
അവനിപ്പൊ മുതിർന്നു കാണണം, ഇപ്പോഴും മനസ്സിലോടിയെത്തുന്നു ആ കുഞ്ഞു മുഖം..

നീയവിടെ മഠത്തിന്റെ വക കോളേജിൽ ജോലി ചെയ്യുന്നു എന്നറിഞ്ഞതിൽ
സന്തോഷം.. മഠത്തിലെ വീർപ്പുമുട്ടലുകളിൽ നിന്നും അത് നിനക്കൊരു മോചനം ആയിരിക്കുമല്ലോ..
നീയാഗ്രഹിച്ച സ്വാതന്ത്ര്യം ഒരു പരിധി വരെയെങ്കിലും നിനക്കവിടെ ലഭിച്ചേക്കുന്നുണ്ടാവും അല്ലേ..
ഇത്ര നാളിനപ്പുറം ഒരു നാലുവരിയെഴുതുവാനാണോ നീയിത്ര മടിച്ചത്?
ഓരോ കത്തയക്കുമ്പോഴും മനസ്സിലോർക്കും ഇതിനെങ്കിലും മറുപടി വരും, നീണ്ട പന്ത്രണ്ടു
വർഷങ്ങൾ, നിനക്കെങ്ങിനെ എന്നെ  അവഗണിക്കാൻ കഴിഞ്ഞു സോഫീ?
നിന്റെ ലീനയെ നിനക്കെങ്ങിനെ?
വിപ്ലവകാരിയുടെ മനസ്സുമായി സന്യാസിനിയുടെ കുപ്പായത്തിൽ ആ കാരാഗൃഹത്തിൽ...
നിന്നെ എനിക്കങ്ങനെ സങ്കല്പ്പിക്കാൻ പോലുമാകുന്നില്ലല്ലോ കുട്ടീ..
സ്വാതന്ത്ര്യം മോഹിച്ച പറവകളായിരുന്നില്ലേ നാം,
ബന്ധനങ്ങൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ചില്ലയിൽ ചേക്കേറുന്ന സ്വപങ്ങളായിരുന്നില്ലേ,
ആ ഇരുണ്ട മുറിയിൽ നമുക്ക് കൂട്ടിനുണ്ടായിരുന്നത്..
എന്നിട്ടും നിനക്കെങ്ങിനെ?
മറ്റാരുടെയോ കൈകളാൽ രചിക്കപ്പെട്ട തിരക്കഥയായിരുന്നു ജീവിതം,
വിശ്വാസത്തിന്റെ ഹോമകുണ്ഡത്തിൽ ഹോമിക്കപ്പെട്ടത് നമ്മുടെ സ്വപ്നങ്ങളായിരുന്നു..
ഇന്നേറെയെല്ലാം ജയേട്ടനിലൂടെ വീണ്ടുകിട്ടിയെനിക്കെങ്കിലും,
നീ കൂടെയില്ലാതെ അതൊരിക്കലും പൂർണ്ണമാവുന്നില്ല സോഫീ..
മഠത്തിലെ  ചെറിയ മുറിയിൽ, നാം നെയ്ത സ്വപ്നങ്ങൾക്കെല്ലാം ഒരേ നിറമായിരുന്നില്ലേ,
ഇരുണ്ട കുപ്പായം ധരിച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്തിരുന്നു നാം..
ചാരം മൂടിക്കിടന്നിരുന്ന എന്നിലെ മോഹങ്ങളെ ഊതി ജ്വലിപ്പിച്ച്ത് നീയായിരുന്നു,
അണയുകയായിരുന്ന കനലുകൾ ജ്വലിച്ചു, പൂർവാധികം ശോഭയോടെ..
വിലക്കപ്പെട്ട കനി നുകരുന്നതിലെ ആനന്ദം എന്നിലേക്കു പകർന്നത് നീയായിരുന്നു..
അന്നു നിന്റെ വാ തോരുകയില്ലായിരുന്നു
ആദത്തെ മോഹിപ്പിച്ച ഹവ്വയെക്കുറിച്ച്,
തറവാട്ടു വീടിനരികത്തെ ബലമുള്ള ശരീരവും മധുരമായാ  ശബ്ദവുമുള്ള മീശക്കാരനെക്കുറിച്ച്,
കളിക്കൂട്ടുകാരന്റെ ഉമ്മകളെക്കുറിച്ച്..
അങ്ങിനെ അങ്ങിനെ വിലക്കപ്പെട്ട എത്ര വിഷയങ്ങൾ ആ കൊച്ചു മുറിയിൽ ഒഴുകി നടന്നു..
ഈയിടക്കെപ്പോഴോ ജയേട്ടന്റെ കയ്യുകൾ എവിടെയോ പരതി നടന്നപ്പോഴും മനസ്സിലെത്തിയത് നീയായിരുന്നു..
ചില നേരങ്ങളിൽ നീയൊരു കിനാവള്ളിയാണെന്നു ജയേട്ടൻ പരാതി പറഞ്ഞു..
ഇരുട്ടു കട്ടപിടിച്ച കൂടുസ്സു മുറിയിൽ നാം സ്വർഗ്ഗം നെയ്തിരുന്നപ്പൊഴും നിനക്കങ്ങിനെ തോന്നിയിരുന്നോ സോഫീ?
ഈ ലീനയൊരു നീരാളിയാണെന്നു നിനക്കു തോന്നിയിരുന്നോ?
മൗനവ്രതത്തിന്റെ നാളുകളിൽ നാം മൗനം പാലിച്ചത് കർത്താവിനോടു മാത്രമായിരുന്നു അല്ലേ,
മദറിന്റെ ശാസനകൾ തടയണ തീർക്കുമ്പോഴൊഴികെ നമുക്കിടയിൽ വാക്കുകൾ പുഴ പോലെ ഒഴുകിയിരുന്നു..

നമ്മുടെ ആ നെല്ലി മരം ഇന്നും അവിടെയുണ്ടോ? അസ്വാതന്ത്ര്യത്തിന്റെ സായന്തനങ്ങളിൽ നമുക്കു കുളിരേകിയിരുന്നവൻ..
അടക്കിപ്പിടിച്ച വാക്കുകൾക്ക് കേഴ്വിക്കാരനായിരുന്നവൻ,
അവനിന്നും അവിടെയുണ്ടോ അതോ നിന്റെ മോഹങ്ങൾ പോലെ ഇല കരിഞ്ഞു വീണുവോ?
നമ്മുടെ ജീവിതത്തിലെ നാഴികക്കല്ലുകൾക്ക് സാക്ഷിയായിരുന്നവൻ..
ജയേട്ടനെ ഞാനാദ്യമായി കണ്ടത് അവന്റെ തണലിൽ ഇരിക്കുമ്പോഴായിരുന്നു..
കയ്യിൽ കുറേ കത്തുകളും, കക്ഷത്തിലൊരു കൊച്ചു ഡയറിയുമായി മഠത്തിന്റെ പടികൾ കയറിപ്പോയ ചെറുപ്പക്കാരൻ..
മഠത്തിന്റെ പടികളിറങ്ങി വന്ന സുമുഖനെ എന്റെ മനസ്സിലേക്ക് കൈപിടിച്ചു കേറ്റിയതും നീയായിരുന്നു..
വാടിയ നെല്ലിയിലകൾ നെറുകയിൽ വീണു കൊണ്ടിരുന്നിരുന്നു..
ദൈവഭയം മനസ്സിനെ നീറ്റിയപ്പോഴും പനിനീരായ് പെയ്തത് നിന്റെ വാക്കുകളായിരുന്നു..
“മർത്ത്യനു വേണ്ടി കുരിശേറിയ കരുണാമയൻ നിന്നെ ക്രൂശിക്കുമോ?
പോവുക ലീനാ, ഈ ബന്ധനം തകർത്ത് നിനക്ക് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പറക്കാം..
അല്ലെങ്കിൽ നീ കർത്താവിനോടും ഈ പരിപാവനമായ ഇടത്തോടും ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കുമത്..
ദൈവവിളി കൈക്കൊണ്ട് സർവ്വവുമർപ്പിച്ചരുടെ കൂട്ടത്തിൽ ചഞ്ചലമനസ്സുമായ് നില്ക്കുന്നതാണ്‌ ഈ ജീവിതത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ പാപമായ്ത്തീരുക..
നിനക്കത് തിരുത്താൻ ഇതാണവസരം.
മറ്റാരോ എഴുതിയ ജീവിതത്തിന്റെ തിരക്കഥ മാറ്റിയെഴുതാനുള്ള അവസരം ..
ജയൻ നിന്നെ നല്ലവണ്ണം നോക്കും എന്നെനിക്കുറപ്പുണ്ട്..
ഇനിയൊരവസരത്തിൽ ഞാനും ഈ ബന്ധനങ്ങൾ പൊട്ടിച്ചെറിയും..
ഇത് നിന്റെ അവസരമാണ്‌, നഷ്ടപ്പെടുത്തരുത്”
നിന്റെ വാക്കുകൾ ഇന്നലെയെന്നോണാം എന്റെ ചെവികളിൽ മുഴങ്ങുന്നു ..
ഒടുവിൽ നിത്യവ്രത വാഗ്ദാനം ലംഘിച്ച് തിരുവസ്ത്രമുപേക്ഷിച്ചപ്പോഴും
അവനായിരുന്നു സാക്ഷി..
മങ്ങിയ നിലാവെട്ടത്തിൽ ഇലക്കൈകൾ നീട്ടി അവനെനിക്ക് യാത്രാമൊഴിയേകി..
ഞാൻ നിന്നോട് നന്ദിയുവളാണ്‌ സോഫീ..
നീയാണെനിക്ക് ജയേട്ടനെ തന്നത്, ജെനുക്കുട്ടനെ തന്നത്..
ഈ മനോഹരമായ ജീവിതം നിന്റെ ദാനമാണു സോഫീ..
നിന്റെ വാക്കുകളെല്ലാം സത്യമായി, പക്ഷേ നീയിന്നും ഒരു സന്യാസിനിയായി തുടരുന്നു എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു...
ജീവിതത്തോട് എന്നേക്കാൾ അഭിനിവേശം ഉള്ളവളായിരുന്നു നീ..
എന്നിട്ടും..
മോഹവാഞ്ജകൾ നിറഞ്ഞ മനസ്സുമായി സന്യാസജീവിതം..
അസഹനീയം തന്നെ അല്ലേ സോഫീ..
നിന്നിലെ വിപ്ലവകാരി മരിച്ചുവോ?
നിന്നെ വന്നു കാണുവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല സോഫീ, എന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടം ദ്യോതിപ്പിക്കുന്ന ആ ഇരുനിലക്കെട്ടിടത്തിലേക്ക് ഇനിയൊരു തിരിച്ചു വരവ്
അതെനിക്ക് ഓർക്കാൻ കൂടി വയ്യ..
മഠത്തിന്റെ വിലാസത്തിലയച്ചാൽ ഈ കത്ത് നിന്റെ കയ്യിൽ എത്തില്ല എന്നെനിക്കറിയാം..
പൊട്ടിച്ചു വായിക്കാത്ത ഒരു കത്തും മഠത്തിലെ അന്തേവാസികൾക്ക് പ്രാപ്യമല്ലല്ലോ..
വിലക്കുകളുടെ തെമ്മാടിക്കുഴിയിലേക്ക് ഈ കത്തു വലിച്ചെറിയപ്പെടുമെന്നറിയാം..
ഒരു അദ്ധ്യാപികക്കു വരുന്ന കത്തുകൾ പൊട്ടിച്ച് വായിക്കുവാൻ മാത്രം സാഹസത്തിനു കോളേജധികാരികൾ മുതിരാൻ വഴിയില്ല..
ഇനി എനിക്കെന്റെ പഴയ സോഫിയെ വേണം,
നമ്മുടെ സ്വപ്നങ്ങൾ തിരികെ വേണം,
ഒരു നീരാളിയേപ്പോലെ വീണ്ടും എനിക്കു നിന്നെ വരിഞ്ഞു മുറുക്കണം..
നീ വരില്ലേ സോഫീ, ബന്ധനങ്ങൾ തകർത്ത് ആ പഴയ സോഫിയായി..
നിനക്കായാണു ഞാൻ കാത്തിരിക്കുന്നത്..
നീ വരുന്ന നിമിഷത്തിനായ് മാത്രം..
സ്നേഹപൂർവ്വം നിന്റെ സ്വന്തം
                                                  ലീന...  
******************************************************

എന്താ മേരി സിസ്റ്ററേ വായിക്കുന്നേ? ആരുടെയാ എഴുത്ത്, വീട്ടീന്നാ?
എയ് അല്ല സിസ്റ്ററേ..
സിസ്റ്റർ ഓർക്കുന്നുണ്ടോ കുറച്ച് നാൾ മുമ്പ് മദറിന്റെ മേശവലിപ്പ് വൃത്തിയാക്കിയപ്പോൾ നമുക്ക് കിട്ടിയ
കുറച്ചെഴുത്തുകളെക്കുറിച്ച്?

ആഹ്, ഉവ്വ് പണ്ടിവിടെ ഉണ്ടായിരുന്ന ഒരു സിസ്റ്റർക്ക് വന്നിരുന്നത് അല്ലേ?
എന്താ അവരുടെ പേര്‌? ലീനയോ, ജീനയോ അങ്ങിനെ എന്തോന്നോ അല്ലേ?

ആ അത് തന്നെ സിസ്റ്ററേ, ലീന അല്ല, സോഫിയെന്നാ ആ സിസ്റ്ററിന്റെ പേര്‌..

എന്തേ ഇപ്പോ അതോർക്കാൻ? അവർക്ക് വീണ്ടും കത്ത് വന്നിട്ടുണ്ടോ?

ഉം, ഇത്തവണ മുൻപയച്ച കത്തുകളെപ്പോലെയല്ല, വളരെ ദീർഘമായൊരെഴുത്ത്..
ഇതൊന്നു വായിച്ച് നോക്കിയേ..

ഓഹ് ഇതെങ്ങിനെ, ആ സിസ്റ്റർ ഇപ്പോ ഇവിടില്ലാ എന്നല്ലേ പറഞ്ഞേ,
പിന്നെയാരാ അവർക്ക് മറുപടിയയ്ക്കാൻ?

അത് സിസ്റ്റർ...

ഉം, അത്?

അത് പിന്നെ സിസ്റ്റർ,

മറുപടി, മറുപടി ഞാനാ അയച്ചത്..

എന്തു ഭ്രാന്താ സിസ്റ്ററെ ഈ പറയുന്നേ?
വേറൊരാളുടെ പേരിൽ കത്തയക്കുകയോ?
അതും ആരാന്നോ എന്താന്നോ അറിയാതെ...

സിസ്റ്റർ ഇതാരോടും പറയരുത്,
ആ കത്തുകളോരോന്നും വായിച്ചു കഴിഞ്ഞപ്പോഴാണ്‌,

ഞാനീ സോഫി സിസ്റ്ററെക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്..

സിസ്റ്റർക്കറിയുമോ, കൊല്ലങ്ങൾക്കു മുമ്പ് ഈ മഠത്തിൽ ഒരു സിസ്റ്റർ അത്മഹത്യ ചെയ്ത സംഭവം?

ആ സിസ്റ്ററുടെ പേരും സോഫി എന്നായിരുന്നു..

കുശിനിക്കു വരുന്ന അന്നാമ്മ ചേടത്തിയോട് ചൊദിച്ചപ്പോ, സംഭവം സത്യമാ..

ആ സിസ്റ്റർക്ക് കൂടെയുണ്ടായിരുന്ന വേറൊരു സിസ്റ്ററുമായി അതിരു വിട്ട ഒരടുപ്പം ഉണ്ടായിരുന്നു പോലും..
മദറും മറ്റു സിസ്റ്റേഴ്സും കുറെ ഉപദേശിച്ചു, ശാസിച്ചു..

ആഹ്, എന്നിട്ട്?

ഒടുവിൽ മറ്റേ സിസ്റ്റർ ഏതോ ഒരുത്തന്റെ കൂടെ ഓടിപ്പോയത്രേ..

ഒരു ദിവസം രാവിലെ വിഷം കഴിച്ച നിലയിൽ ഈ അന്നാമ്മച്ചേടത്തിയാ കണ്ടത്..
സോഫി സിസ്റ്ററെ..
അന്നത്തെ കാലമല്ലേ, അന്നത് വലിയ വാർത്തയൊന്നും ആയില്ല,
ഒരു തരത്തിൽ ഇവരു മൂടിവച്ചു എന്നു വേണം പറയാൻ..

മൂന്നു നാലു കൊല്ലമായി ആ കത്തുകൾ മുടങ്ങാതെ വന്നു കൊണ്ടിരിക്കുന്നു..
ഒരു മറുപടി പോലും തിരികെ പോയിട്ടില്ല,
എന്നിട്ടും അത് വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നു..

അതിനു മുൻപും കത്തുകൾ വന്നിട്ടുണ്ടാവണം..
ഇതു പോലെ ഒരു വൃത്തിയാക്കലിനിടയിൽ അവ നശിച്ചു പോയിക്കാണാൻ ആണ്‌ വഴി..

സിസ്റ്റർക്കറിയോ അന്നവർ താമസിച്ചിരുന്ന മുറിയിലാ നാമിപ്പോ...

അന്നവർ ഉപയോഗിച്ചിരുന്ന കട്ടിലിലാ നാമിപ്പോ..

ഇപ്പോ സിസ്റ്ററിന്റെ മനസ്സിൽ എന്തായിരിക്കും എന്നെനിക്കറിയാം,
അന്നാമ്മച്ചേടത്തിയിൽ നിന്നും ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ എന്റെ അവസ്ത്ഥയും
ഇതു തന്നെയായിരുന്നു സിസ്റ്റർ..

മനസ്സാകെ അസ്വസ്ത്ഥമാകാൻ തുടങ്ങി..

ഈ മുറിയിലിരിക്കുമ്പോൾ അനുഭവിച്ച വീർപ്പുമുട്ടൽ..

ഈ കട്ടിലിൽ കിടക്കുമ്പോൾ..

ഹോ..
 
അതിനേക്കാളുപരി സ്നേഹിതയുടെ വാക്കുകൾക്കായി കാതോർത്തിരിക്കുന്ന
അപരിചിതയെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി..

ഓരോ കത്തുകളിലും അവർ നിറച്ചു വച്ച സ്നേഹം,
ഓരോ കത്തുകൾ വായിക്കുന്തോറും അവരുടെ ദുഃഖം മനസ്സിലേക്കാഴ്ന്നിറങ്ങി..
പ്രതീക്ഷയുടെ ഭാരം പേറി വന്നിരുന്ന അക്ഷരക്കൂട്ടങ്ങൾ..

ഒടുവിൽ ഞാൻ തീരുമാനിച്ചു അവരുടെ കാത്തിരിപ്പിനു വിരാമമിടണം എന്ന്‌..
പക്ഷേ എന്തു കോണ്ടോ അവരുടെ പ്രതീക്ഷകൾ മരിച്ചു കഴിഞ്ഞുവെന്നെഴുതാൻ എനിക്ക് കഴിഞ്ഞില്ല സിസ്റ്റർ..

സുഖമാണെന്നും, ഇവിടെ ജോലിയൊക്കെ ചെയ്ത്....

ഇനിയുമൊരു മറുപടി വന്നാൽ  മദറിന്റെ പ്രതികരണം എങ്ങനെയാവുമെന്നറിയാമല്ലോ,
ഞാൻ കോളേജിലെ വിലാസം വച്ചു.. 

സോഫിയെ മനസ്സിൽ ആവാഹിച്ച് ഞാൻ മറുപടിയെഴുതി...

അതോ അവർ എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ കൊതിച്ചു നില്ക്കുകയായിരുന്നോ? അറിയില്ല,

പക്ഷേ ആ സമയത്ത് അവരെ ഞാൻ അതിരു വിട്ട് സ്നേഹിച്ചു പോയിരുന്നു എന്നത് സത്യമാണ്‌...

പക്ഷെ ഇതിനൊരു മറുപടിയെഴുതാൻ ഞാൻ അശക്തയാണ്‌ സിസ്റ്റർ..

എനിക്കറിയില്ല, ഞാനെന്തെഴുതണം?

സിസ്റ്ററേ എന്നാലും അത് വേണ്ടായിരുനു..
സിസ്റ്റർ ചെയ്തത് തിരുസഭക്കു ചേരാത്ത പ്രവൃത്തി ആയിപ്പോയി,
എങ്കിലും എനിക്കിപ്പോ അതിനെ ന്യായീകരിക്കാൻ മോഹം തോന്നിപ്പോകുന്നു..
ഓഹ്, എന്തവസ്ത്ഥയാണിത്?
കർത്താവേ, നീ ഞങ്ങളെ പരീക്ഷിക്കുകയാണോ...

“നന്മ നിറഞ്ഞ മറിയമേ,
തമ്പുരാന്റെ അമ്മേ..
പാപികളായ ഞങ്ങൾക്ക് വേണ്ടി...“

അയ്യോ സിസ്റ്ററേ വേഗം വരൂ സന്ധ്യാപ്രാർത്ഥന ആരംഭിച്ചിരിക്കുന്നു..

ഇനിയും വൈകിയാൽ, വേഗം വരൂ,
സിസ്റ്റർ എന്താ ഓർക്കുന്നത്?
പോയിട്ടൊന്നു മനസ്സുരുകി പ്രാർത്ഥിക്കാം നമുക്ക്..

കർത്താവ് ഒരു വഴി കാണിക്കാതിരിക്കില്ല...

പറയാൻ മറന്ന വാക്കുകൾ പാതിയിലുപേക്ഷിച്ച് രണ്ടാത്മാക്കൾ മുറിവിട്ടകന്നു...

വിലക്കപ്പെട്ട വാക്കുകൾ നിർബാധം വിഹരിച്ചിരുന്ന മുറിയിൽ,
മഷിത്തുമ്പിനാൽ കോറപ്പെടുന്നതിന്റെ വേദനയൊർത്താവണം മേശവലിപ്പിലെ സ്ഫടികഗോളത്തിനടിയിൽ ഒരു കടലാസു കഷ്ണം പിടഞ്ഞു..

13 comments:

  1. വളരെ മനോഹരം..!! ആദ്യം ഞാൻ വിചാരിച്ചു കഥ മുഴുവൻ കത്തു രൂപത്തിലാണെന്ന്. ആദ്യ പകുതി മനോഹരമെങ്കില്‍ രണ്ടാം പകുതി അതിമനോഹരം..

    ReplyDelete
    Replies
    1. നന്ദി, ഈ നല്ല വാക്കുകള്‍ക്ക്.. ഒരു തുടക്കക്കാരന്‍ മാത്രമാണ്, അതിന്‍റെതായ ചില പോരായ്മകള്‍ കണ്ടേക്കാം, എങ്കിലും തുടര്‍ന്നും എന്റെ വാക്കുകളെ ധന്യമാക്കുവാന്‍ ഇത് വഴി വരണേ..

      Delete
  2. ദീപൂ.കല്ലൊലിനിയുടെ കമന്റ്‌ മെയിലിൽ വന്നത്‌ കണ്ട്‌ കയറിയതാ.
    ഇത്രക്ക് പ്രതീക്ഷിച്ചില്ല കേട്ടൊ.!!പറയാൻ വാക്കുകളില്ല.അത്ര ഗംഭീരം.!!!!!!!
    കവിതയും കഥയും ഒരു പോലെ കൈകാര്യം ചെയ്യുന്നല്ലോ.

    (((((((((ഞാൻ ഇത്തിരി അസൂയാലു ആയോ))))))))

    ReplyDelete
    Replies
    1. സുധിയേട്ടന്‍ ആണ്, ഇവിടെ എന്റെ ഗുരു, വേറൊരു ഓണ്‍ലൈന്‍ മാധ്യമത്തിലും ഇത്ര ദീര്‍ഘമായ എഴുത്ത് വായിച്ച് വിലയിരുത്തപ്പെടുമെന്നു തോന്നുന്നില്ല, നന്ദി സുധിയേട്ടാ...

      Delete
  3. ഹേയ്‌!!!
    നല്ല വാക്കുകൾക്ക്‌ നന്ദി.
    താൻ ഫേസ്ബുക്കിൽ ചെയ്യുന്ന കുറിപ്പുകൾ വായിച്ചാൽ ആരും തന്റെ ഫാൻ ആയിപ്പോകും.ഞാൻ എഫ്‌ ബി ഇപ്പോൾ അങ്ങനെ ഉപയോഗിക്കാറില്ല.അതിൽ ചെയ്യുന്നതെല്ലാം ഇവിടെയും ചെയ്തു നോക്കിക്കേ.

    ReplyDelete
  4. valare nalla ezhuth, nammale pitichiruthunnu, athu thanneyalle oru kathakarante kazhiv, coulf nt find out gadget for following ur blog

    ReplyDelete
    Replies
    1. നന്ദി പ്രിയ സുഹൃത്തെ, എങ്ങിനെയാ ഫോലോവേര്സ് gadjet add ചെയ്യുക? ദയവായി ഹെല്‍പ് ചെയ്യുമോ...

      Delete
  5. " സഫലമീ യാത്ര " ഈസ്റ്റർ ആശംസ കണ്ടു. വേറെയും കഥകളുണ്ടായിരുന്നല്ലോ എന്തേ വായിച്ചില്ല? സമയം പോലെ മതി കേട്ടോ. കത്തെഴുത്ത് മനോഹരമാക്കിയിട്ടുണ്ട്. എല്ലാ ആശംസകളും

    ReplyDelete
    Replies
    1. തീര്‍ച്ചയായും വരാം കേട്ടോ, നന്ദി..

      Delete
  6. ഗംഭീരമായി....... നല്ല സ്റ്റൈലന്‍ എഴുത്ത്....നന്മള്‍ നേരുന്നു ........ആശംസകൾ

    ReplyDelete
    Replies
    1. നന്ദി വിനോദേട്ടാ, അല്‍പ്പം ദീര്‍ഘമാണ്.. ക്ഷമയോടെ വായിച്ചതിനും ഈ നല്ല വാക്കുകള്‍ക്കും..

      Delete
  7. Entirely different ......Nice one

    ReplyDelete
  8. Thanks dear friend... sorry for late reply...

    ReplyDelete

അഭിപ്രായം ഇവിടെ രേഖപ്പെടുത്തുമല്ലോ....