Wednesday, 22 April 2015

ആദിമ മനുഷ്യൻ...

പുതുമഴയേറ്റ മണ്ണിന്റെ ഗന്ധവും,
ഋതുമതിയായ പെണ്ണിന്റെ ഗന്ധവും,
ഇത്രമേൽ ഇന്നെന്നെ ഉന്മത്തനാക്കുമാ
മറ്റൊരൂ വസ്തുവതില്ലീ ഭൂവിൽ...

ആധുനിക മനുഷ്യൻ.

പുതു മഴയേല്ക്കണ്ട..
ഋതുമതിയാകേണ്ട..
നീ പെണ്ണായ് പിറന്നാൽ മാത്രം മതി...

പിഞ്ചു കുഞ്ഞാകിലും സാരമില്ല..
തൻ മകളെങ്കിലും
സാരമില്ല...
പെണ്ണിന്റെ ആകാരം മാത്രം മതി...

ഉന്മത്തനാകും ഞാൻ..
നിന്നിളം മേനിയിൽ
ഭ്രാന്തനെ പോലിന്നു പച്ച കുത്തും..

Sunday, 19 April 2015

നിശാശലഭം..

നിശാശലഭം..

**************

ഇവളൊരു ശലഭം,
വെറും നിശാശലഭം..
ഈ നീല രാവിന്റെ കൂട്ടുകാരി..
ഈ പാർവണ തിങ്കളിൻ ദത്തുപുത്രി..

വർണ്ണാഭമായ ചിറകില്ലവൾക്കിന്നു,
രമിക്കുവാൻ പുഷ്പവസന്തമില്ല..
നുകരുവാനേറെ പൂക്കളില്ലാത്തവൾ,
നുകരുന്ന പൂക്കളിൽ തേനുമില്ല..

കൂട്ടായ് കുഞ്ഞാറ്റക്കിളികളില്ല,
കൂടെ പാറുവാൻ പൂവാൽ തുമ്പിയില്ല..
കുയിലിന്റെ നാദത്തിനേക്കാളവൾക്കെന്നും,
ഈ ചീവിടിൻ നാദമാണേറെയിഷ്ടം..

രജനി തൻ മുലപ്പാലുണ്ടു വളർന്നവൾ..
ഇരുളിനോടൊപ്പം ഓടി മറഞ്ഞവൾ..
പകൽ തോറും അജ്ഞാത വാസം നയിച്ചവൾ..
വഴിക്കണ്ണു നട്ട് സന്ധ്യയെ കാത്തവൾ..

വെളുക്കെ ചിരിച്ചു നടക്കുമാ മാന്യന്റെ
പാതിരാലീലകൾ പലകുറി കണ്ടവൾ..
ഒരു കുഞ്ഞു വയറിന്റെ പശിയടക്കാൻ
ഉരിഞ്ഞൊരാ തുണിയിലെ കണ്ണീരറിഞ്ഞവൾ..

സന്ധ്യ മയങ്ങവെ, ഇരുൾ മെല്ലെ വീഴവെ,
തെരുവോരത്തന്നാ വഴിയരികിൽ
ഉയർന്നൊരാ കാമാർത്ത നാദത്തിനും,
മങ്ങിയ തേങ്ങലിൻ ശബ്ദത്തിനും,
ഇവളത്രെ മൂകമാം ഏക സാക്ഷി..

പറയുവാനേറെ കഥകളുണ്ടെങ്കിലും,
ഒന്നും പറയുവാനാവാതെ പോയവൾ..
ഇവളൊരു ശലഭം, വെറും നിശാശലഭം,
ഈ നിശാഗന്ധി തൻ ഉറ്റ തോഴി..