അപ്പച്ചാ...,
ചെറിയൊരു ഞെട്ടലോടെ ആന്റണി തിരിഞ്ഞു നോക്കി..
കുഞ്ഞുമോളാണ്..
അയാൾ കയ്യിലെ ഗുളികകൾ പുറകിലൊളിപ്പിക്കാൻ വിഫലശ്രമം നടത്തി.
അവളത് കണ്ടു കഴിഞ്ഞിരുന്നു...
എന്താ അപ്പാ കയ്യില്?
ആ ആഹ്, ഇതു ഗ്യാസ്... ഗ്യാസിന്റെ ഗുളികയാ മോളേ..
അയാൾ ഒന്നോഴികെ നാലും തിരികെ കുപ്പിയിലേക്ക് നിക്ഷേപിച്ചു...
നാവിൽ ഗുളിക തൊട്ട നേരം അയാൾക്കു ചെറുതായൊന്നു കുളിർന്നു,
കുളിർ മേലാകെ പടരുന്നതായും അയാൾക്ക് തോന്നി..
ഒരിറക്ക് വെള്ളം കുടിച്ച്, നിശ്വാസമുതിർത്തു അയാൾ..
മോളപ്പുറത്ത് പോയ്ക്കോ, അപ്പന്നൊന്നു മയങ്ങട്ടെ..
ഇതെന്താപ്പോ പതിവില്ലാതെ ഈ നേരത്ത്?
അപ്പാ, മണി മൂന്നാവുന്നേ ഒള്ള്...
അപ്പനു വയ്യാടീ, ചെറിയൊരു പനി പോലെ...
ശരിയാണല്ല കർത്താവേ,
ചൂടുണ്ട്,, വേറയ്ക്കണുമുണ്ടല്ലാ..
അപ്പൻ കെടന്നോ, ഞാ ത്തിരി തുളസിക്കാപ്പി ഇട്ടോണ്ട് വരാം...
കുഞ്ഞുമോൾ തുളസി പൊട്ടിക്കാൻ തൊടിയിലേക്കിറങ്ങി...
അമ്മാച്ചീ അപ്പനു പൊള്ളണുണ്ട്.. ഞാ തൊളസി പൊട്ടിച്ചിപ്പം വരാവെ..
ഒന്നു നൊക്കിയേക്കേ..
മറിയക്കുട്ടി പരദൂഷണസഭയിൽ നിന്നും എത്തിച്ചു നോക്കി..
എടിയേ പടിഞ്ഞാറ്റേലെ പോണ്ടാട്ടാ പമ്പോളോടി നടക്കണ സ്ത്ഥലാ...
കേട്ടോ അന്നാമ്മോ, പണ്ടവിടെ കാവും പൂജയൊക്കെ ഉണ്ടാർന്നതാ,
പെണ്ണിന്റപ്പൻ വേടീച്ചേപ്പിന്നെ അതൊക്കെ നശിച്ച് പോയേക്കണ്..
ന്നാലും ഇപ്പഴും ണ്ട് സഞ്ചാരം..സ് ഇന്നാളന്തിക്ക് ന്റെ കാലീ കേറേണ്ടതാ..
കൊച്ചിന്റെ ഭാഗ്യത്തിനു ഞാങ്കണ്ട്...
ഈ പാമ്പോൾക്കേ പെണ്ണുങ്ങളോട് ഒരിത് ണ്ടത്രെ...
പെണ്ണൊരുത്തി പ്രായായതല്ലേ...
ഇപ്പളും പടിഞ്ഞറ്റേ തൊടീപ്പോവാൻ നിക്ക് പേട്യാ...
“ഉവ്വ, ഈ സാധനത്തിനോട് സ്വന്തം കെട്ട്യോനു തോന്നാത്ത വികാരാ നീപ്പൊ പാമ്പിനു തോന്നണത്..”
മാധവിയമ്മക്ക് മനസ്സിൽ ചിരിയൂറി..
ഉള്ളിലെ കാര്യങ്ങൾ പുരത്ത് ഭാവിക്കാതിരിക്കാൻ ആയമ്മക്ക് പണ്ടേ വല്യ മിടുക്കാണ്...
അയാള്‍ ഗുളികക്കുപ്പിയിലേക്ക് പാളി നോക്കി, നിതാന്തമായൊരുറക്കം തനിക്കു സമ്മാനിക്കാന്‍ കാത്തിരിക്കുന്നവര്‍...
മെത്തക്കടിയിലൊളിപ്പിച്ച കടലാസ് അട്ടഹസിക്കുന്ന പോലെ അയാൾക്ക് തോന്നി..
സ്വപനങ്ങളുടെ ചുവരിൽ ജപ്തിക്കടലാസ് തൂക്കി അയാൾ പതിയെ ഉറക്കത്തിലേക്ക് നൂണ്ടു..
*****************************************************************************************************
ആന്റപ്പോ ഇയ്യിതെങ്ങോട്ടാ കയറോക്കായിട്ട്?
പേങ്ങുട്ട്യേട്ടൻ വഴി മൊടക്കി നിപ്പാണല്ലാ കർത്താവേ...
ഞാനാ കണ്ടം വര്യേ...
കണ്ടത്തിലിപ്പെന്തൂട്ടാ? കഴിഞ്ഞ മഴക്കല്ലേ അന്റെ വാഴയൊക്കെ ഒടിഞ്ഞു പോയത്...
മൂന്നാലെണ്ണം ബാക്കി നിപ്പുണ്ട്, അതിനു താങ്ങ് കൊടുക്കണം..
ഒന്നു രണ്ടെണ്ണം വലിച്ചും കെട്ടാനുണ്ട്...
മനസ്സിലോടിയ നുണ പറഞ്ഞു ഫലിപ്പിക്കാൻ അയാൾ വിജയിച്ചു..
വിജയം അതെത്ര ചെറുതായാലും ചുണ്ടിൽ പുഞ്ചിരി വിടർത്താൻ അതിനൊരു
പ്രത്യേക കഴിവ് തന്നെയുണ്ട്...
ന്നാ ഞാങ്കട്....
ഇയ്യ് നിക്കെന്റെ ആന്റപ്പൊ, ഞാനും വരാന്ന്..
എനിക്കാ വഴി വൽസൂന്റെ വീട്ടിലും കേറണം...
തെങ്ങേറാൻ പറഞ്ഞ് വിളിക്കാൻ തൊടങ്ങീട്ട് കൊറേയായി...
തിപ്പൊ പൊല്ലാപ്പായല്ലോ കർത്താവേ...
യന്ത്രം കണക്കേ അയാൾ നടക്കാൻ തുടങ്ങി...
അല്ല അന്റപ്പാ നുമ്മടെ ശശീരെ പെണ്ൺ ഓടിപ്പോയീന്ന് കേട്ട് ഇയ്യറിഞ്ഞാ?
അയാൾ തലയാട്ടി..
ഓള് പണ്ടേ പോക്കാന്ന്.. എന്താ ഓളുടെ ശൃംഗാരം.. കടേലാളുള്ളപ്പഴും കെട്ട്യോനും കെട്ട്യോളും കൂടി
കെട്ടിമറിച്ചിലല്ലാർന്നോ..
എനിക്കപ്പഴേ അറിയാം ഇതൊരു നടക്കൊന്നും പോവൂലാന്ന്..
ചുണ്ടിൽ ഒരു കള്ളച്ചിരിയുമായി പേങ്ങുട്ട്യേട്ടൻ പറഞ്ഞു നിർത്തി...
അല്ല പേങ്ങുട്ട്യേട്ടോ, ഈ വൽസലേടെ കെട്ട്യൊൻ തിരിച്ച് വന്നാ?
ഞെട്ടലേറ്റ പോലെ പേങ്ങുട്ട്യേട്ടൻ ഒന്ന് നിന്നു..
ആന്റപ്പാ ഇയ്യിമ്മളെ ആക്കാണല്ലേ...
ഏയ് ചോച്ചൂന്നേ ഉള്ളൂ...
ഇയ്യ് കൂടോലൊന്നും പറേണ്ട, നമുക്കീ വഴി കേറാം,
ആ മാപ്ളാരുണ്ടാവോ എന്തോ? അസത്ത് വളപ്പീക്കേറീന്നു പറഞ്ഞ് ഒച്ച വക്കും..
മിണ്ടാണ്ടേ പോര്‌ട്ടാ ആന്റപ്പാ..
ഈ മനുഷ്യനു അറിയാത്തതായി ഒരു ഇടവഴി പോലുമില്ല ഈ നാട്ടിൽ ആന്റണി മനസ്സിലോർത്തു..
മാപ്ളാരുടെ ചാവാലിപ്പട്ടി കാണുന്നതിനു മുൻപേ പേങ്ങുട്ടി വേലി കടന്നിരുന്നു..
ആന്റണി വേലി ഭേദിക്കുന്നത് പട്ടിയുടെ കണ്ണിൽ കൃത്യമായി പതിച്ചു...
അത് തുടലിൽ നിന്നു കുതറാൻ ശ്രമിച്ചു കൊണ്ടിരുന്നു...
തവിട്ടു നിറത്തിൽ അസ്ത്ഥിപഞ്ചരമായ് തീർന്നിരുന്നുവെങ്കിലും അത് യജമാനനോടുള്ള കൂറ് കാണിച്ച് കൊണ്ടിരിന്നു..
ആ പിശുക്കൻ മാപ്പിള മര്യാദക്ക് തിന്നാൻ പോലും കൊടുക്കുന്നില്ല,
എന്നിട്ടും അതതിന്റെ യജമാനനെ സ്നേഹിക്കുന്നു...
സ്വന്തം വർഗ്ഗത്തോടു പോലും പടവെട്ടുന്നു...
പട്ടി വലുതായി കുരച്ചു കൊണ്ടിരുന്നു...
വറീത് മാപ്ള സ്ത്ഥലത്തില്ലെന്നു തോന്നുന്നു..
അല്ലെങ്കിൽ ഭരണിപ്പാട്ട് തൊടങ്ങേണ്ട സമയമായിരിക്കുന്നു..
ഈ പറമ്പിനപ്പുറമാണ് തന്റെ വാഴപ്പറമ്പ്.. ആന്റണി നടത്തതിനു വേഗതകൂട്ടി...
അരങ്ങൊഴിഞ്ഞ രണഭൂമി പോലെ തോന്നിച്ചു അത്...
ഒടിഞ്ഞു വീണ വാഴകൾ വീരമൃത്യു വരിച്ച യോദ്ധാക്കളെ ദ്യോതിപ്പിച്ചു..
മണ്ണിൽ തലവച്ചുറങ്ങുന്ന പോരാളികൾ...
ഇല്ലാത്ത കാശ് കടം വാങ്ങി തുടങ്ങിയ വാഴകൃഷി,
കൊള്ളപ്പലിശക്ക് കടമെടുത്തവ,
കെട്ടുതാലി പണയം വച്ചും കുഞ്ഞു കമ്മലൂരി വിറ്റും സ്വരൂപിച്ചവ..
അന്ന് താനെത്ര ശുഭാപ്തിവിശ്വാസി ആയിരുന്നു, അയാൾക്കത്ഭുതം തോന്നി..
ശുഭാപ്തിവിശ്വാസം കാത്ത് കുലച്ച വാഴക്കന്നുകൾ..
ഒരു മഴയുടെ ആയുസ്സ് മാത്രം ഉണ്ടായിരുന്നവ..
നശിച്ച മഴ, എന്റെ ജീവിതം തകര്‍ക്കാന്‍ പിറവിയെടുത്തത്...
ഇന്നവ തന്നെ നോക്കി പരിഹസിക്കുന്നു...
ചവിട്ടേൽക്കുമ്പോൾ കരിയിലകൾ പോലും ചിരിക്കുകയാണെന്നു അയാൾക്ക് തോന്നി..
അയാൾ പതിയെ നടന്നു...
ചീഞ്ഞ വാഴത്തണ്ടിന്റെ രൂക്ഷഗന്ധം നിറഞ്ഞു നിന്നിരുന്നു അവിടെയാകെ...
ഇപ്പോൾ തന്റെ ജീവിതത്തിനും ഇതേ ഗന്ധമാണുള്ളതെന്ന് ആന്റണിക്ക് തോന്നി...
മഴയെടുത്ത ജീവിതം...
ഇയ്യാ കയറിങ്ങു താ ആന്റപ്പാ.. ഞാനിതിന്റെ കൊരലിൽ കുരുക്കിട്ടു തരാം..
നീയ്യാ കുറ്റിയിലേക്ക് വലിച്ച് കെട്ടിക്കോ...
പേങ്ങുട്ട്യേട്ടൻ വലിയ ഉത്സാഹത്തിലാണ്..
വൽസേച്ചീനെ കാണാൻ പോവല്ലേ... ദാഹം തീരുന്ന നിമിഷങ്ങളായിരിക്കും ഇപ്പൊ ആ മനസ്സിൽ..
ഈ സമയത്തും തനിക്കെങ്ങിനെ ഇങ്ങനെ ചിരിക്കാൻ കഴിയുന്നു?
അയാൾ മൂവാണ്ടൻ മാവിന്റെ കൊമ്പിലേക്കൊന്നു പാളി നോക്കി...
നല്ല ഉറപ്പുള്ള കൊമ്പൊരെണ്ണം..
ഈ മനുഷ്യൻ കൂടെയില്ലായിരുന്നെങ്കിൽ കയർത്തുമ്പിൽ തന്നെ ഊഞ്ഞാലാട്ടേണ്ടിയിരുന്നവ...
മരവിച്ച ശരീരത്തെ തഴുകേണ്ടിയിരുന്ന കാറ്റ്...
മൃത്യുഗീതം പാടേണ്ടിയിരുന്ന വാഴക്കയ്യുകൾ...
അയാൾ വാഴയെ ബന്ധിച്ച കയറിന്റെ അറ്റം കുറ്റിയിലേക്ക് ചേർത്തു കെട്ടി...
******************************************************
ഇരുമ്പുകമ്പിയിൽ തല ചേർത്തു കിടക്കുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് ജപ്തിക്കടലാസിന്റെ രൂപമായിരുന്നു..
വെള്ളക്കടലാസിൽ കൂനനുറുമ്പു പോലെ കുനു കുനെ അക്ഷരങ്ങൾ..
അറവിനു സമ്മതമേകി തഹസീൽദാറുടെ ഒപ്പ്...
ലോകമെന്താണിങ്ങനെ?
അതെന്തിനാണ് കൂടുതൽ ദരിദ്രരെ സൃഷ്ടിച്ച് കോണ്ടിരിക്കുന്നത്?
അകലെയെങ്ങോ ചൂളം വിളി കേൾക്കുന്നുണ്ടെന്നു അയാൾക്ക് തോന്നി...
ആന്റേട്ടോ, ഇങ്ങളെന്താ ചാവാൻ പോവാ? പാളത്തിൽ തലവെച്ച് കിടക്കുന്നേ?
ആ, ജോമോനോ? നീയെന്താ ഇവിടെ?
ഇനിയിപ്പോ കിടപ്പിവിടെ തന്നെ ആവാനാടാ വഴി...
വീട്ടിൽ ജപ്തിക്കടലാസ് വന്നു കിടക്കാ... നീയറിഞ്ഞില്ലേ?
ആ അത് പറയാനാ വന്നേ, നമ്മൾ ബാങ്കിൽ അപേക്ഷ കൊടുത്തിരുന്നില്ലേ,
ആന്റേട്ടന്റെ കടം കാർഷികവായ്പയായി എഴുതി തള്ളും ന്നാ കേക്കണേ..
മെമ്പർ ബാബ്വേട്ടൻ പറഞ്ഞതാ..
ദൈവം ണ്ട് ആന്റേട്ടാ, ഇങ്ങടെ പ്രാർത്ഥന കർത്താവ് കേട്ടൂ ന്ന് കരുതിയാ മതി...
എവിടെയോ വെള്ളിടി വെട്ടുന്ന പോലെ അയാൾക്ക് തോന്നി...
താനെന്തൊരു പാപിയാണ്...
ഭാര്യയേയും മകളേയും കടക്കെണിയിലെറിഞ്ഞു മരണത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചവനാണ് താൻ...
താൻ മരിച്ചിരുന്നുവെങ്കിൽ അവർ എന്തു ചെയ്യുമായിരുന്നു...
കടക്കാരുടെ ശകാരവും പരിഹാസവുമേറ്റ് തന്റെ മകളും ഭാര്യയും...
ജോമോൻ വരുവാൻ ഒരല്പം വൈകിയിരുന്നുവെങ്കിൽ....
റെയിൽട്രാക്കിൽ തലയറ്റു കിടക്കുന്ന തന്റെ ശരീരം അയാൾ മനസ്സിൽ കണ്ടു...
അയാൾക്ക് ആത്മനിന്ദ തോന്നി...
തീവണ്ടിയുടെ ശബ്ദം അടുത്തടുത്തു വന്നു...
ആ തീവണ്ടിയോടുന്നത് തന്റെ ഹൃദയത്തിലൂടെ ആണെന്നു ആന്റണിക്ക് തോന്നി...
**************************************************************************
മഴ മുഴുവൻ നനഞ്ഞെങ്കിലും
ഏറെ സന്തോഷത്തോടെയാണ് ആന്റണി വീട്ടിൽ ചെന്നു കയറിയത്...
എടി മറിയാമ്മോ... നീ അറിഞ്ഞാടീ..
നുമ്മടെ കടം എടുത്ത് കളയാൻ പോണൂന്ന്...
ങും, ആ മെമ്പറിന്നു ഇങ്ങോട്ട് വന്നിരുന്ന്, അങ്ങേരു പറഞ്ഞ്...
കർത്താവ് നമ്മടെ പ്രാർത്ഥൻ കേട്ട് മനുഷ്യാ...
കുഞ്ഞോളേ, ഇങ്ങാട്ട് വന്നേടീ...
അവളിവിടില്യ, അവളുടെ കൂട്ടുകാരീടെ വീട്ടീന്നു പൊസ്തകം മേടിക്കാൻ പോയേക്കുവാ...
കൊച്ചിവിടുന്നെറങ്ങീപ്പം തൊടങ്ങീതാ ഈ നശിച്ച മഴ...
ഏടിയേ ഇത് സന്തോഷത്തിന്റെ മഴയാടീ ഈ ആന്റണിക്ക് വേണ്ടി മാത്രം പെയ്യുന്ന മഴ...
ഇന്നാ തോർത്തോണ്ടൊന്നു തോർത്തിക്കേ ഇനി പനി പിടിക്കണ്ട....
നിയ്യതവിവിടിട്ടേ, ഇങ്ങാടൊന്നു വന്നേടീ...
നിങ്ങക്കിതിത് എന്തിന്റെ ഏനക്കേടാ മനുഷ്യനേ...
പെണ്ണൊരുത്തി കെട്ടിക്കാറായി, ഇപ്പഴും പതിനേഴുകാരനാന്നാ വിശാരം...
എല്ലാം കൈവിട്ട് പോയീന്നു കരതിയതാ, കർത്താവായിട്ട് തിരിച്ച് തരുമ്പം നമുക്കിതൊന്നു ആഘോഷിക്കണ്ടേടീ..
ബലിഷ്ടമായ കരവലയത്തിൽ നിന്നും കുതറനാവാതെ മറിയം നിന്നു...
ഉള്ളിൽ കൊതിയും മുഖത്ത് അനിഷ്ടവും ഭാവിച്ച് അവൾ കെറുവിച്ച് കൊണ്ടിരുന്നു...
സ്വർഗ്ഗം തീർക്കപ്പെടുന്നത് മണിമാളികയിലും അന്തപ്പുരങ്ങളിലുമല്ലത്രെ,
ഇടുങ്ങിയ മുറിയിൽ ചെറിയൊരു പുതപ്പിൻ കീഴിലും സ്വർഗ്ഗം വിടരുകയായിരുന്നു..
പുറത്തീ മഴയിൽ ഭൂമിയും താനും നുകരുന്നത് ഒരേ വികാരമാണെന്നു മറിയക്കുട്ടിക്കു തോന്നി...
മാധവിയമ്മക്ക് തെറ്റു പറ്റിയതാകണം, നാഗങ്ങൾക്ക് തെറ്റു പറ്റാറില്ല...
പതിയെ ആ കാലടികളിൽ നിന്നും അത് ഇഴഞ്ഞു കയറുകയാണ്
സർപ്പങ്ങളെ പോലെ അവർ പരസ്പരം വരിഞ്ഞു മുറുകി...
ഈ മഴ തോരാതിരുന്നെങ്കിൽ എന്നു മറിയക്കുട്ടി ആഗ്രഹിച്ചു പോയി...
ഇടക്കൊക്കെ സ്വർഗ്ഗത്തിലെ വെളിച്ചം മഴയോടൊപ്പം ഇറങ്ങി വരാറുണ്ടത്രെ..
വലിയ ശബ്ദത്തോടെ അത് മണ്ണിൽ തൊട്ടു...
ഒരു ഞെട്ടലോടെ മറിയക്കുട്ടി അകന്നു മാറി...
ഇണസർപ്പം പുണരാഞ്ഞതെന്തേ...
മഴക്കു കുളിരേറിയോ?
അയാളുടെ കയ്യിലെ മരവിപ്പ് ഒരു ഞെട്ടലോടെ മറിയക്കുട്ടി തിരിച്ചറിഞ്ഞു..
കണ്ണുകളിലെ തിളക്കമെങ്ങേ പോയ് മറഞ്ഞു?
മഴ തോർന്നു തുടങ്ങുകയായിരുന്നു...
ഇറ്റു വീഴുന്ന മഴതുള്ളികളുടെ മരവിപ്പ് ഹൃദയത്തിലേന്തി ആന്റണി നിശ്ചലനായി കിടന്നു...
ജീവിതത്തിൽ അന്നോളം കണ്ടിട്ടില്ലാത്ത ഒരു സംതൃപ്തി ആമുഖത്ത് കളിയാടുന്നുണ്ടെന്നു തോന്നി...
അമ്മച്ചീ....
കുഞ്ഞുമോളുടെ ശബ്ദം.....
പുതപ്പില്‍ നിന്നൂര്‍ന്നിറങ്ങി മറിയക്കുട്ടി വാതിലിനെ ലക്ഷ്യമാക്കി നടന്നു...
പൂര്‍ണ്ണനഗ്നയായി പ്രജ്ഞ നശിച്ചവളെ പോലെ മറിയക്കുട്ടി കുഞ്ഞുമോളുടെ തോളിലേക്ക് തളര്‍ന്നു വീണു...
അമ്മേടെ പോന്നു മോളേ... അപ്പന്‍.. അപ്പന്‍...
മഴയെ പിളർന്നൊരാർത്ത നാദം തളര്‍ന്നു വീണു...
പുറത്ത് മഴ പുതിയോരുടുപ്പു നെയ്യുകയായിരുന്നു...
പ്രിയപ്പെട്ട ഇണ സര്‍പ്പങ്ങള്‍ക്ക് വേണ്ടി...
ശുഭം......
മരണത്തെ തേടി നടക്കുന്നവരെ അല്ലെങ്കിലും മരണം കൂടെകൊണ്ടു പോകാറില്ല..
ReplyDeleteഎഴുത്ത് കുറച്ചുകൂടി മിനുക്കാമായിരുന്നു എന്നു തോന്നി ദീപു..