കടലെടുത്ത തീരമായിരുന്നു ഇന്നലെ സ്വപ്നത്തിൽ...
ഏയ്, ഇന്നലെ മാത്രമല്ല, ഈയടുത്ത കാലത്തായി എത്രയോ തവണ...
നിങ്ങൾക്കതിന്റെ അർത്ഥമറിയാമോ ജൂഡ്?
എന്തോ അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു....
ജൂഡ് തല മെല്ലെ ഉയർത്തി...
അയാളുടെ കണ്ണിലെ തിളങ്ങുന്ന പ്രകാശം സ്വപ്നത്തെ പോലെ പലപ്പോഴും എന്നെ ഭയപ്പെടുത്തിയിരുന്നു...
മുഖത്ത് നിറഞ്ഞ ചൈതന്യം...
നീട്ടി വളർത്തിയ താടിയും, മാറിലെ രുദ്രാക്ഷ മാലയും അയാൾക്ക് ഒരു സന്യാസിയുടെ ഭാവം നൽകിയിരുന്നു...
ഇത് വല്ലാത്തൊരു സ്വപ്നമാണ് ജൂഡ്,
സന്ധ്യയിൽ വിജനമായ തീരത്ത് നീണ്ട മുടിയിഴകൾ കൂനകളായി ചിതറിക്കിടക്കുന്നു..
ഞാനേകനാണ്..
മുടിയിഴകളിൽ പിണഞ്ഞ് എന്റെ കാലുകൾ തളർന്നിരുന്നു...
ഉപ്പുമണമുള്ള കാറ്റ്,
ആർത്തലക്കുന്ന തിരമാലകൾ..
അവ പതിയെ പതിയെ കയറി വരുന്നു...
മുടിയിഴകൾ പാമ്പിനെപ്പോലെ എന്റെ കാലുകളെ വരിയുകയാണ്...
എനിക്കനങ്ങാനാവുന്നില്ല....
തിരകൾ കഴുത്തിനു മുകളിലുമ്മ വക്കാൻ തുടങ്ങുകയാണ്..
ശ്വാസം മുട്ടുന്ന പോലെ....
അലർച്ചയോടെയാണ് ഞാനെഴുന്നെറ്റതെന്ന് മിനി പറഞ്ഞു...
പാവം വല്ലാതെ പേടിച്ചു....
മിനിയെ അറിയില്ലേ? എന്റെ ഭാര്യയെ...
ഓഹ്, എങ്ങിനെ അറിയാൻ? നമ്മൾ പരിചയപ്പെട്ടിട്ട് അഞ്ചു നാൾ തികച്ചായില്ലല്ലോ അല്ലേ,
ഞാനാണെങ്കിൽ താങ്കളെ വീട്ടിലേക്ക് ക്ഷണിച്ചതുമില്ല, സാരമില്ല, നമുക്കിന്നു തന്നെ പോകാം... എന്ത് പറയുന്നു??
താങ്കളെന്താണ് ജൂഡ് എപ്പോഴും മൗനമായിരിക്കുന്നത്...
താങ്കൾക്കറിയുമോ,ഇന്നലെ മുടിയൊതുക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, കണ്ണാടിയിൽ കണ്ട മുഖത്തിന് താങ്കളോടുള്ള സാദൃശ്യം..
എന്റെ പുതിയ അയൽക്കാരൻ ജോൺ, ഇന്നലെ വഴിയിൽ വച്ച് കണ്ടപ്പോഴാണ് മനസ്സിലോർത്തത്... അവനും താങ്കളെപ്പോലെ തന്നെ...
അങ്ങിനെയാണ് ഓരോ മുഖത്തിലും ഞാൻ നിങ്ങളെ തേടിത്തുടങ്ങിയത്...
പക്ഷേ ഞാനദ്ഭുതപ്പെട്ടു സത്യത്തിൽ...
പാൽ സൊസൈറ്റിക്കടുത്തുള്ള ഗിരീശൻ വക്കീൽ, കറവക്കാരൻ രമേശൻ... പാലത്തിനടുത്തെ സേതു.. അങ്ങിനെ എത്രയോ പേരിൽ ഞാൻ നിങ്ങളെ കണ്ടുമുട്ടി...
എനിക്കെന്തോ നിങ്ങളെ വല്ലാതെ വിശ്വാസമാണ്...
സത്യം പറയാമല്ലോ ചെറിയ ഭയവും,
നിങ്ങളിലെന്തോ പ്രത്യേകതയുണ്ട്..
എനിക്കു തോന്നുന്നു ഈ സ്വപ്നം നിങ്ങൾക്കു മാത്രമേ നിർവചിക്കാൻ കഴിയൂ...
നിങ്ങളേന്നെ സഹായിക്കില്ലേ ജൂഡ്?
ഇത് നിസ്സരമല്ലേ ജിതിൻ ,
ജൂഡ് പറഞ്ഞു തുടങ്ങി..
തീരം നിന്റെ ജീവിതമാണ്...
സമുദ്രം അത് വിധിയുടെ പ്രതീകവും...
നൈരാശ്യം നിറഞ്ഞ മനസ്സുകളിൽ വിരുന്നെത്തുന്ന സ്വപ്നം....
ജിതിൻ , നീ ഭയക്കുന്നുണ്ടോ, എന്തോ കൈവിട്ടു പോകുമെന്ന്??
ഏയ്, അതൊന്നുമില്ല, എങ്കിലും...
എങ്കിലും??
ഒന്നുമില്ല, എന്റെ സ്വപ്നത്തിനെ നിർവചിച്ചതിനു നന്ദി, ഒരുപക്ഷേ ഇതൊക്കെ ഒരോ സൂചനകളാവാം അല്ലേ... വരാനിരിക്കുന്ന എന്തിന്റേയോ...
ആയിരിക്കാം, അല്ലായിരിക്കാം.... ഞാനാര് പറയാൻ??
അല്ല, അത് സൂചനകൾ തന്നെയാണ്, എനിക്കു നിങ്ങളെ വിശ്വാസമാണ് ജൂഡ്... ഒരു പക്ഷെ എന്നേക്കാൾ....
ജൂഡ് ചിരിച്ചു..
ഞാനോർക്കുന്നു, എന്റെ അയൽക്കാരൻ ജോണിന്റെ വീടുതാമസത്തിന്റെ അന്നാണ് ആദ്യമായി ഞാൻ താങ്കളെ കാണുന്നത്...
കഷ്ടിച്ച് ഒരാഴ്ച മുമ്പ് അല്ലേ ജൂഡ്?...
വളരെ ചെറിയ പരിചയം മാത്രം, എന്നിട്ടും ആരേയും വിശ്വസിക്കാൻ തെല്ലു മടിക്കുന്ന എന്റെ മനസ്സു പറയുന്നു നിങ്ങളെ വിശ്വസിക്കാൻ...
ഇന്നോളമാരുമായും പങ്കു വക്കാൻ ഞാനാഗ്രഹിക്കാത്ത രഹസ്യങ്ങൾ പോലും നിങ്ങളുമായി പങ്കു വക്കാൻ ആഗ്രഹിച്ചു പോകുന്നു..
ഞാൻ നിങ്ങളെ വല്ലാതെ വിശ്വസിക്കുന്നുവല്ലോ...
സത്യത്തിൽ നിങ്ങളാരാണ് ജൂഡ്??
ജിതിൻ ആര് പറഞ്ഞു, നമ്മൾ തമ്മിൽ ചെറിയ പരിചയമേ ഉള്ളൂ എന്ന്?
എനിക്ക് നിങ്ങളെ നേരത്തെ അറിയാമല്ലോ,
നിങ്ങൾക്കെന്നേയും...
എനിക്ക് നിങ്ങളെ നേരത്തെ അറിയാമെന്നോ? ഒരിക്കലുമില്ല, ഞാനാദ്യമായി നിങ്ങളെ കാണുന്നത് ഇവിടെ വച്ചാണ്.. ഈയടുത്ത്...
ഞാൻ ആകാംക്ഷയോടെ ജൂഡിനെ നോക്കി...
ജിതിൻ, താനല്ലേ പറഞ്ഞത് എന്നെ വലിയ വിശ്വാസമാണെന്ന്, ഇതാണോ നിങ്ങൾ പറഞ്ഞ വലിയ വിശ്വാസം?? ജൂഡ് മന്ദഹസിച്ചു..
വിശ്വാസമൊക്കെയാണ്, പക്ഷെ... ഞാൻ സംശയത്തോടെ ജൂഡിനെ നോക്കി...
അതെ സുഹൃത്തേ, എനിക്ക് നിങ്ങളെ നേരത്തെ അറിയാം,
നിങ്ങൾക്കെന്നേയും...
എന്നെ മറവിയിലേക്ക് തള്ളിയത് നീയാണ്.. അതെന്റെ കുറ്റമല്ല..
ഇനിയും നിനക്കു വിശ്വാസം വരുന്നില്ലേ? വരൂ എന്റെ കൂടെ, നമുക്കൊരിടം വരെ പോകാം...
ജൂഡ് എഴുന്നേറ്റു.. പതിയെ നടന്നു...
ഞാനയാളെ പിന്തുടർന്നു..
അരണ്ട വെളിച്ചത്തിൽ ഒരിടനാഴിയിലൂടെ ഞങ്ങൾ നടപ്പ് തുടർന്നു..
അനുവിനെ ഓർക്കുന്നോ??
അഞ്ജലിയെ?
ജൂഡ് നടത്തത്തിനിടയിൽ ചോദിച്ചു..
ഉം.. ഞാൻ മൂളി..
ഞാനൂഹിച്ചു...
അത്ര പെട്ടന്ന് നിനക്കവരെ മറക്കാൻ കഴിയില്ല എന്നെനിക്കറിയാം..
അവരെ എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിച്ചിരുന്നത്?
നിങ്ങളൊടെന്തിനു ഞാനതൊളിക്കണം ജൂഡ്, എന്നെ തിരസ്കരിച്ച അവരുടെ മുഖം ബ്ളേഡ് കൊണ്ട് വരയാൻ,
വിരൂപികളെ ലോകം അറപ്പോടേ നോക്കുന്നത് കാണാൻ ഞാനന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു..
എന്നിട്ടെന്തേ അങ്ങിനെ ചെയ്തില്ല? ജൂഡ് ചോദിച്ചു?
ജൂഡ്, നിങ്ങൾക്കതിന്റെ കാരണം നന്നായറിയാം. ഇല്ലേ?
സ്മിത.... അവളായിരുന്നു അതിനു കാരണം...
അപകർഷതാബോധം ഇരുളടച്ച എന്റെ മനസ്സിലേക്ക് നറുനിലാവായ് കടന്നു വന്നവൾ..
അവളുടെ മുന്നിലാണ് ഞാനെല്ലാം അടിയറ വച്ചത്...
ഒടുവിലെല്ലാമൊരു നേരമ്പോക്കായിരുന്നുവെന്ന് പറഞ്ഞ് അവളകന്നു പോയപ്പോഴാണ് ജൂഡ് ഞാനാകെ തകർന്ന് പോയത്...
മെന്റൽ ഹോസ്പിറ്റലും, മരുന്നും മന്ത്രവും... എന്റെ യൗവനം തകർത്തു കളഞ്ഞു... ദ്രോഹി...
ആഹ്, ജൂഡ് ഒരു പക്ഷെ അവിടെ വച്ചായിരിക്കണം എനിക്കു നിങ്ങളെ നഷ്ടപ്പെട്ടു പോയത്..
ഉം, ജൂഡ് മൂളി, എനിക്കറിയാം.. അവളെ കൊല്ലാൻ ഒരുപാടാഗ്രഹിച്ചിരുന്നുവല്ലേ..
ജൂഡ്, അത്, അത് നിനക്കെങ്ങിനെ?? ഓഹ്, സോറി , ഞാൻ നിങ്ങളെ വിശ്വസിക്കുന്നു... വിശ്വസിക്കുന്നു ജൂഡ്..
അവൾ ജീവിച്ചിരിക്കേണ്ടവളല്ല ജൂഡ്... ഇനിയൊരിക്കലും ഒരുവന്റെ ജീവിതം അവൾ തകർത്ത് കൂടാ...
അവൾ ജീവിച്ചിരിക്കേണ്ടവളല്ല...
നമ്മളെത്താറായി... വരൂ...
അയാളെന്നെ ഇരുണ്ട ഒരു മുറിയിലേക്ക് നയിച്ചു...
പരിചിതമല്ലാത്തതെന്തിന്റേയോ രൂക്ഷഗന്ധം എന്റെ മൂക്കിലേക്കടിച്ചു കയറി...
ജൂഡ് ഒരു മെഴുതിരിക്ക് തീ കൊളുത്തി...
അപ്പോഴാണ് ഞാനാ മുറി ശരിക്കും കണ്ടത്...
മരം കൊണ്ടുണ്ടാക്കിയ മേശക്കു സമീപം പഴക്കം ചെന്ന ഒരുകസേര...
താഴെ ചിതറിക്കിടക്കുന്ന കടലാസ് കഷ്ണങ്ങൾ, സിഗരറ്റ് കുറ്റികൾ,
ചുമരരികത്തെ ഷെൽഫിൽ തട്ടുകളായി ചെറിയ സ്ഫടിക ഭരണികൾ അടക്കി വച്ചിരിക്കുന്നു...
ഓരോ ഭരണികളിലും സ്വർണ്ണനിറത്തിലെന്തോ ദ്രാവകം..
വേറൊരു ഷെൽഫിൽ പലതരം കുപ്പികൾ, ടെസ്റ്റ് ട്യൂബുകൾ, കടുത്ത നിറങ്ങളിലുള്ള ദ്രാവകങ്ങൾ...
ഒരു അപസർപ്പക കഥയിലെ നിഗൂഡത തിങ്ങിയ പരീക്ഷണശാലയെ ഓർമിപ്പിച്ചു ആ കുടുസ്സുമുറി...
വരൂ, ജൂഡ് സ്ഫടികഭരണിയുടെ ഷെൽഫിനു സമീപത്തേക്ക് വിളിച്ചു..
ഞാൻ നടന്നു... കാല്ക്കീഴിലെന്തോ ഞെരിയുന്ന പോലെ, ഞെട്ടലോടെ കാൽ വലിച്ചു... ഒരു പഴുതാര, അത് വേഗത്തിൽ ഇഴഞ്ഞു പോയി....
പേടിക്കണ്ട, ഇവിടുത്തെ അന്തേവാസികളാ എല്ലാം...
ജിതിൻ ഇത് കണ്ടോ, ഷെൽഫിൽ നിന്നും ഒരു സ്ഫടികഭരണി എന്റെ നേർക്കു നീട്ടി.
ഞാനത് വാങ്ങി, ചുവന്ന മഷിയിൽ പുറത്തെന്തോ എഴുതിയിരിക്കുന്നു...
ഞാൻ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടാവണം ജൂഡ് മെഴുതിരി അടുപ്പിച്ചു..
ഗീത-19.04.2003
എന്താ ഇത്?
ഇതോ? ഇത് ഗീത, നിനക്കോർമയില്ലേ, അന്ന് സെന്റ് തോമസിൽ നമുക്കൊപ്പം പഠിച്ച ആ ചുരുളൻമുടിക്കാരിയെ...
അവൾ...
അതോ നീയവളേം മറന്നോ?
ഏയ് മറക്കാൻ വഴിയില്ലല്ലോ...
നിനക്കുമുണ്ടായിരുന്നില്ലേ അവളിലൊരു കണ്ണ്??
ഇല്ലേ ജിതിൻ??
ഉം, ഞാനോർക്കുന്നു ജൂഡ്, പക്ഷേ ഇതെന്താ ഈ ഭരണിക്ക് അവളുടെ പേര്??
പ്രണയസ്മാരകമാണോ?
അതെ ഇതൊരു സ്മാരകമാണ് ജിതിൻ.. സ്മാരകം...
ജൂഡിന്റെ ശബ്ദത്തിൽ ഗൗരവം പടർന്നിരുന്നു...
നീയതിനുള്ളിൽ കറുത്തൊരു നൂലിഴ കണ്ടോ?
ഞാനതിലേക്ക് സൂക്ഷിച്ചു നോക്കി...
ശരിയാണ്, വളരെ നേർത്ത ഒന്ന്... സൂക്ഷിച്ചു നോക്കിയാൽ മാത്രമേ അങ്ങിനെ ഒന്ന് അതിനുള്ളിലുണ്ട് എന്ന് മനസ്സിലാവുകയുള്ളൂ...
ഞാൻ ഇനിയെന്തെന്നർത്ഥത്തിൽ ജൂഡിനു നേർക്ക് കണ്ണയച്ചു....
അത് ഗീതയുടെ മുടിയാണ് ജിതിൻ...
സൗഹൃദസംഭാഷണങ്ങൾക്കിടയിലെപ്പോഴോ ഞാനവളറിയാതെ പൊട്ടിച്ചെടുത്ത ഒന്ന്...
ഹാ കൊള്ളാം നല്ല കൗതുകമുണ്ട് കേൾക്കാനൊക്കെ... സഫലമാവാത്ത മോഹങ്ങളുടെ സ്മാരകമായി കാമുകിയുടെ മുടി സൂക്ഷിക്കുന്ന കാമുകൻ... ഇനിയുമുണ്ടോ ഇത്തരം വിദ്യകൾ??
ഞാൻ ചിരിച്ചു...
നിർത്ത്, ജൂഡ് ഉറക്കെ പറഞ്ഞു...
ഇത് ഗീത, അപ്പുറത്തെ ഭരണികളിൽ ആരൊക്കെയാണെന്ന് നിനക്കറിയുമോ?
ജൂഡ് ഓരോ ഭരണികളീലെക്കും വെട്ടം കാണിച്ചു...
ശരണ്യ, രശ്മി, ശെൽവി, ഹേമ.. തീയതികൾ സഹിതം ഓരോ ഭരണികൾക്കുള്ളിലും ഓരോ മുടിയിഴകൾ...
ഇത്രയധികം കാമുകിമാരോ? കൊള്ളാലോ.. നിങ്ങളോരു സംഭവം തന്നെ... ഞാൻ വീണ്ടും ചിരിച്ചു...
നിർത്താൻ, ജൂഡ് അലറി..
ഈ മുറിയിൽ ആരും ചിരിക്കരുത്... ഇത് പാപത്തിന്റെ മുറിയാണ്.. ഇവിടെയുയരേണ്ടത് പൊട്ടിച്ചിരികളല്ല, ആർത്തനാദങ്ങളാണ്...
നീ ചോദിച്ചില്ലേ, ഇത്രയധികം കാമുകിമാരോ എന്ന്..
അതെ ഇവരെല്ലാം എന്റെ കാമുകിമാരാണ്,
എനിക്ക് കാമം തോന്നിയവർ..
എന്നെ നിരസിച്ചവർ, എന്നെ തഴുകി കടന്നു പോയവർ..
വഞ്ചന ഉള്ളിലൊളിപ്പിച്ച് ചതിച്ചവർ..
അയാൾ കയ്യിലെ ഭരണിയുടെ അടപ്പ് തുറന്നു...
അളിഞ്ഞ ശവഗന്ധം മുറിയിലാകെ പരന്നു, ഞാൻ മൂക്കു പൊത്തി, മനം പുരട്ടുന്ന പോലെ...
ജൂഡ് നിങ്ങളതൊന്നു അടക്കാമോ.. എനിക്കോക്കാനം വരന്നു...
ഇല്ല സുഹൃത്തേ, ഇത് അമരതയുടെ ജലമാണ്
ഇതിനു വേണ്ടി നിന്റെ നാസിക വികസിക്കുകയാണ് വേണ്ടത്...
എന്റെ എത്രയോ നാളത്തെ തപസ്യയുടെ ഫലം...
അനേകവർഷക്കളുടെ ഗവേഷണം, മന്ത്രവാദം...
ഒടുവിൽ ഞാനത് നേടുക തന്നെ ചെയ്തു...
ലാപ്രിക്കോൾ...
ലാപ്രിക്കോൾ... അമരതയുടെ ജലം...
ജൂഡ് ഭരണി മൂക്കിലേക്കടുപ്പിച്ചു, ദീർഘമായി ശ്വസിച്ചു...
അമരതയുടെ ജലം, അമരതയുടെ ഗന്ധം... അയാൾ അട്ടഹസിച്ചു...
ഭരണിയിലെ മുടിയിഴ ജൂഡ് വലിച്ചെടുത്തു... “ഗീത” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു..
അല്പനേരം കയ്യിടുത്ത് തഴുകി....
ജിതിൻ നിനക്കറിയുമോ? ഇപ്പോളവൾ വികാരത്തിന്റെ പരകോടിയെ തഴുകുകയാവും...
ഒരു പക്ഷെ അവൾ കുഞ്ഞിനെ ലാളിക്കയാവാം, അലക്കുകയോ പുസ്തകം വായിക്കുകയോ ആവാം...
പക്ഷേ ഈ നിമിഷത്തിൽ അവൾക്കിനി വികാരത്താൽ പുളയുവാൻ മാത്രമേ സാധിക്കൂ...
വായിച്ചു കൊണ്ടിരിക്കയാണെങ്കിൽ, കാണുന്നവർ പുസ്തകത്തെ പുകഴ്ത്തിയേക്കും,
കുഞ്ഞിനെ ലാളിക്കുകയാണവളെങ്കിൽ, ആ കുഞ്ഞു മിഴികൾ ഭയം കൊണ്ട് വികസിക്കും, അലക്കുകയോ അടിച്ചു വാരുകയോ ചെയ്യുകയാണെങ്കിൽ കാണുന്നവർ അവളെ പിഴയെന്നു മുദ്ര കുത്തും, ഭ്രാന്താണെന്നു പറയാനും മതി...
അവൾ രതിയിലാണെങ്കിൽ രക്ഷപ്പെട്ടു, ഭർത്താവെന്ന കോന്തൻ അഭിമാനിക്കും, ഭാര്യയെ രതിമൂർച്ചയുടെ പടവുകളിലേക്ക് ഉയർത്താൻ കഴിഞ്ഞ ചാരിതാർത്ഥ്യമോർത്ത്...
പക്ഷേ അതുമനുവദിച്ചു കൂടാ...
ജൂഡ് തഴുകൽ നിർത്തി,
നീയിത് കണ്ടോ? ജൂഡ് ചെറിയ
ചവണ പോലെന്തോ കയ്യിലെടുത്തു,
അത് കൊണ്ട് മുടിയിഴയിൽ ശക്തിയായി അമർത്തി...
ഹാ, ഇപ്പോളവൾ പിടയുകയാവും...
തല പിളർന്നു പോകുന്ന വേദനയിൽ അലറുകയാവും... ഹാ... ജൂഡ് ആക്രോശിച്ചു...
വീണ്ടും ചവണ അമർത്തി.. കണ്ണുകളടച്ച് ധ്യാനത്തിലെന്ന പോലെ അയാൾ നിന്നു, ഭീഭത്സമായ ഒരു സംതൃപ്തി അയാളുടെ മുഖത്ത് കാളിയാടുന്ന പോലെ തോന്നി...
എനിക്കു തിരിഞ്ഞോടണമെന്നു തോന്നി, പക്ഷേ കാലുകളനുങ്ങുന്നില്ല...
മതി, നിർത്ത്... നിർത്താൻ... ഞാനലറി...
എന്തിനാ ഈ വലിയ ക്രൂരത, ഒരു ജീവൻ തന്നെയല്ലേ അതും..
പേടിക്കണ്ട ജിതിൻ, ഞാനത്ര ക്രൂരനൊന്നുമല്ല...
അതു പോലെ ഈ ഭരണികളിൽ ഉള്ളവളുമാരും അത്ര നല്ലവരൊന്നുമല്ല എന്നു മാത്രം നീയറിഞ്ഞാൽ മതി..
ഈ ഗീത, അവളെന്നെ മോഹിപ്പിച്ച് മോഹിപ്പിച്ച്, ഒടുവിൽ ചണ്ടി പോലെ വലിച്ചെറിഞ്ഞവൾ...
ഇപ്പോ ഭർത്താവിനൊപ്പം സതി ചമയുന്നു... ഹാ, അയാൾ വീണ്ടും ആക്രോശം പുറപ്പെടുവിച്ചു..
മുറിയിലാകെ അത് മുഴക്കം കൊണ്ടു..
ജിതിൻ, അവഗണനയുടെ വേദന, അത് പറഞ്ഞറിയിക്കാൻ കഴിയുന്ന ഒന്നല്ല, അതനുഭവിച്ച് തന്നെ അറിയണം...
നിനക്കത് നന്നായറിയാം അല്ലേ..
നീ പറഞ്ഞില്ലേ, സ്മിതയെ നിനക്ക് കൊല്ലണമെന്നുണ്ടായിരുന്നു എന്ന്..
അന്നെനിക്കുമുണ്ടായിരുന്നു മോഹം, ഗീതയെ കൊല്ലാൻ... കഴുത്ത് ഞെരിഞ്ഞ് അവൾ പിടയുന്ന സ്വപ്നം...
ജിതിൻ,നിനക്കിതാണ് അവസരം, ചെല്ല് ഷെൽഫിന്റെ ഇടത്തെ അറ്റത്തേക്ക്...
ആ അത് തന്നെ ഏറ്റവും അറ്റത്തിരിക്കുന്ന...
ഞാനാ ഭരണി കയ്യിലെടുത്തു.. “സ്മിത-12/02/2003”
മനസ്സിലെന്തോ ഇരച്ചു കയറുന്നു...
ഞാനാ ചവണ തട്ടിപ്പറച്ചു...
മുടിയിഴയെ പുറത്തെടുത്തു...
വിരനുള്ളിൽ കോർത്തു...
ശക്തിയായി വലിച്ചു...
രണ്ടായി പൊട്ടിയ മുടിയിഴയെ നോക്കി ഞാൻ പൊട്ടിച്ചിരിച്ചു...
ഇപ്പോളവൾ പിടയുകയാവും, പ്രാണൻ പോകുന്ന വേദനയിൽ...
ഹാ.... ഞാനട്ടഹസിച്ചു...
പോരാ, ഞാനത് പല്ലിൽ വച്ച് ഞെരിച്ചു....
വല്ലാത്തൊരു ശാന്തി എന്റെ മനസ്സിനെ തേടിയെത്തിയ പോലെ... ഞാൻ നെടുവീർപ്പിട്ടു...
അപ്പുറത്തുണ്ട് അനുവും അഞ്ജലിയും...
ചെല്ലെടാ ചെല്ല്...
ഞാനാവേശത്തോടെ ഭരണികൾ തിരയാൻ തുടങ്ങി..
സന്തോഷം ഒരു നിമിഷമേ നീണ്ടു നിന്നുള്ളൂ, ജൂഡിന്റെ കയ്യിലെ ഭരണിയിലെ പേര് കണ്ടു ഞാൻ ഞെട്ടി..
ഉള്ളിലൂടെ ഒരൊ കൊള്ളിയാൻ പാഞ്ഞ പോലെ...
മിനി-20/05/2006..
ഇത്? ഇത്?
ഞാൻ വിക്കലോടെ ചോദിച്ചു..
അതെ നിന്റെ ഭാര്യ തന്നെയാണ്...
ജൂഡ് ഭാവഭേദമൊന്നുമില്ലാതെ പറഞ്ഞു..
ഞാനിടിവെട്ടേറ്റ പോലെ നിന്നു....
ഒരിക്കലുമില്ല, ഏയ്, ഒരിക്കലുമില്ല, എന്റെ മിനി അവളങ്ങിനെ ഉള്ളവളല്ല....
നീ, നീ കള്ളം പറയുന്നു....
ഞാനെന്തിന് കള്ളം പറയണം ജിതിൻ? നിങ്ങളുടെ ജീവിതം തകർത്തിട്ട് എനിക്കെന്ത് നേട്ടം?
ഇതെന്റെ ലക്ഷ്യമാണ് ജിതിൻ.. കുലടകൾ ഇനിയീ ലോകത്ത് അവശേഷിച്ചു കൂടാ...
നീയൊരു കാര്യം ചെയ്യ്, ഈ മുടിയിഴയെ ചവണ കൊണ്ട് ചെറുതായി അമർത്തൂ...
വീട്ടിലെത്തുമ്പോൾ നിങ്ങളുടെ ഭാര്യ സന്തോഷവതിയാണെങ്കിൽ നിങ്ങൾക്കെന്നെ കൊല്ലാം, മറിച്ച് അവൾ തലവേദനയാൽ അസ്വസ്ഥയാണെങ്കിൽ അവളുടെ അന്ത്യം നിങ്ങളുടെ കയ്യാലായിരിക്കും എന്നും ഞാൻ പ്രതീക്ഷിച്ചോട്ടെ...
ജൂഡ് തുടർന്നു...
നിന്റെ പുതിയ അയൽക്കാരൻ ജോണി...
അവനെ അറിയുമോ എന്നു നീ മിനിയോടെന്നെങ്കിലും ചോദിച്ചിട്ടുണ്ടോ?
ഏയ്, ചോദിച്ചിട്ടും കാര്യമൊന്നുമില്ല.. ഇല്ലെന്നേ പറയൂ...
പക്ഷേ ഞാനവനെ പണ്ടേ അറിയും... മിനിയേയും....
ഇത് പിടിക്കൂ ജിതിൻ, ജൂഡ് ചവണ എന്റെ നേർക്ക് നീട്ടി...
വേണ്ട, ഞാൻ നിങ്ങളെ വിശ്വസിക്കുന്നു... വിശ്വസിക്കുന്നു ജൂഡ്..
ഒരുപക്ഷേ എന്നേക്കാൾ...
ഞാൻ ഭരണി വാങ്ങി, മുടിയിഴ പുറത്തേക്കേടുത്തു.. അതെന്നോട് പരിചയം പുതുക്കുന്ന പോലെ എനിക്ക് തോന്നി...
മനസ്സിലെന്തോ ഉരുണ്ടു കൂടുന്നു... ഞാനാ മുടിയിഴ കയ്യിലിട്ട് മൃദുവായി ഞെരിച്ചു...
മിനി നിന്നോടെങ്ങിങ്ങിനെയാണെനിക്ക്...
ഞാൻ പോകുന്നു ജൂഡ്... വിട...
ഞാൻ മുറിവിട്ട് പുറത്തേക്കിറങ്ങി....
മുഖത്തു വെയിലടിക്കുമ്പോൾ, കണ്ണടഞ്ഞു പോകുന്നു...
കാറ്റിനു വല്ലാത്ത ചൂട്....
പതിയെ വീട്ടിലേക്ക് നടന്നു...
നിമിഷങ്ങൾ അടിവച്ചടിവച്ച് പോകുന്ന പാതകൾ...
വീട്ടിലെത്തിയിരിക്കുന്നു...
മനു മുറ്റത്തിരുന്നു കളിക്കുന്നുണ്ട്...
അമ്മയെവിടെ? ഞാൻ ചോദിച്ചു..
അമ്മക്ക് ഭയങ്കര തലവേദന, അമ്മേം അമ്മൂമ്മേം കൂടി ആശുപത്രീ പോയേക്കാണ്, അവൻ പറഞ്ഞു...
ഉം, അച്ഛനൊന്നു കിടക്കട്ടെ, ഞാനകത്തേക്ക് നടന്നു.. മനസ്സിൽ ഭാരം കൂടുകയാണ്...
എന്റെ മിനി, അവളും...
കണ്ണുകൾ ഇറുക്കിയടച്ചു...
മുറ്റത്ത് പട്ട വെട്ടുന്ന ശബ്ദം കേട്ടാണുണർന്നത്...
എപ്പോഴാണ് ഉറങ്ങിയത്? സമയമെന്തായി?
ഞാൻ ക്ലോക്കിലേക്ക് നോക്കി...
അഞ്ചാവുന്നു....
പതിയെ എഴുന്നേറ്റു,
മിനി പട്ട വെട്ടുകയാണ്,
തലവേദനയെങ്ങിനെയുണ്ട് നിനക്ക്?
ഞാനവളോട് ചോദിച്ചു...
തിരിച്ചൊരു ചോദ്യമായിരുന്നു ഉത്തരം..
തലവേദനയോ? ആർക്ക്?
നിന്റെ തള്ളക്ക്... മനസിലുറഞ്ഞ ദേഷ്യമാവാഹിച്ച് ഞാനവളെ ആഞ്ഞു ചവിട്ടി.....
അവൾ കമഴ്ന്നടിച്ചു വീണു...
പിഴച്ചവളേ, നിനക്കും വടക്കേലെ ജോണിക്കും എന്താടീ ഏർപ്പാട്?
ഞാൻ ജീവിച്ചിരിക്കുമ്പോ നടക്കില്ലെടീ നിന്റെ ആഗ്രഹം.. കുലടേ...
നീ ജീവിച്ചിരിക്കാൻ പാടില്ല, നീ മരിക്കേണ്ടവളാണ്
താഴെ തെറിച്ചു കിടന്ന വെട്ടുകത്തിയെടുത്ത് ഞാനാഞ്ഞു വീശി...
നിങ്ങൾക്ക് ഭ്രാന്തായോ മനുഷ്യാ? മുഴക്കമുള്ള ശബ്ദത്തിൽ ആരോ പറയുന്ന പോലെ...
ചുണ്ടുകളിൽ പടർന്ന നനവിൽ ലവണരസം തിങ്ങിയിരിക്കുന്നു.
എന്റെ സന്ധ്യയിൽ രജനി ചേക്കേറുകയാണ്...
*-*-*-*-* *-*-*-*-* *-*-*-*-* *-*-*-*-* *-*-*-*-*
ചേട്ടാ, അൽപ്രാക്സ് ടാബ്ലറ്റ് പത്തെണ്ണം...
അൽപ്രാക്സോ ? ഡോക്ടറുടെ ലിസ്റ്റെവിടെ?
അമ്മൂമ്മ പറഞ്ഞു വിട്ടതാ... ഞാൻ പറഞ്ഞു..
ആര് പറഞ്ഞു വിട്ടാലും ശരി, ലിസ്റ്റില്ലാണ്ട് തരാമ്പറ്റില്ല..
പനിക്കുള്ള ഗുളികയൊന്നുമല്ലല്ലോ,ഇതൊന്നും അങ്ങിനെ കൊടുക്കാൻ പാടില്ല കേസാവും...
മോൻ പോയി ലിസ്റ്റെടുത്തിട്ട് വാ...
എന്താ പ്രദീപേ? കറുത്തു മെലിഞ്ഞൊരാൾ അകത്ത് നിന്നും കടന്നു വന്നു.
അല്ല മനോജേട്ടാ, അൽപ്രാക്സാ, ലിസ്റ്റില്ല്യാണ്ട് കൊടുക്കാൻ പറ്റില്യാന്നു പറയായിരുന്നു..
നീയാ മിനീടെ മോനല്ലേ... ആഗതൻ ചോദിച്ചു..
ഞാൻ തലയാട്ടി..
സാരല്യ പ്രദീപേ, ഇവര് സ്ഥിരം വാങ്ങണ മരുന്നാ, താൻ പുതിയാ ആളായോണ്ടാ...
മോൻ കൊണ്ടക്കോളൂ, അയാൾ ഗുളികയുടെ പൊതി നീട്ടി...
പൈസ ബാക്കി വാങ്ങി ഞാൻ തിരിഞ്ഞു നടന്നു...
പ്രദീപേ നീയറിയില്ലേ, ആ അരവട്ടൻ ജിതിനില്ലേ, അവന്റെ മോനാ അത്...
ആ പെൺൺകുട്ടീടെ കാര്യാ കഷ്ടം...
ഓന് സംശയം മൂത്ത് വട്ടായതാന്നാ പറയണേ...
ഇന്ന് വെട്ടോത്ത്യെടുത്ത് വീശീന്നോ, ആ കൊച്ചിന്റെ കയ്യിൽ വെട്ടു കൊണ്ടൂന്നൊക്കെ കുമാരേട്ടൻ പറയണ കേട്ടു...
മരുന്നു കടക്കാരന്റെ ശബ്ദം പിന്തുടരുന്ന പോലെ...
ഞാൻ നടപ്പിനു വേഗത കൂട്ടി......
(അവസാനിച്ചു)
#alprax- Alprazolam is a benzodiazepine (ben-zoe-dye-AZE-eh-peen). It affects chemicals in the brain that may be unbalanced in people with anxiety.Alprazolam is used to treatanxiety disorders,panic disorders, and anxiety caused by depression.
അൽപ്രാക്സ്- മാനസികരോഗത്തിന് ഉപയോഗിക്കുന്ന ഒരിനം മരുന്ന്....