ഇന്നു മൂന്നാം ദിവസമാണ് ഞാനിവിടെ..
കയ്യുകളിലൊന്നു മാത്രമേ അനക്കാനാവുന്നുള്ളൂ,
കൂടുതൽ അനക്കിയാൽ അതും നിശ്ചലമായേക്കും...
ഉപേക്ഷിക്കപ്പെട്ട ചിലന്തിവലയിൽ അകപ്പെട്ടവന്റെ മാനസികാവസ്ഥ നിങ്ങൾക്കൂഹിക്കുവാൻ കഴിയുമോ?
ഏറെ ഭീകരമാണത്...
മരണത്തേക്കാൾ ഭയാനകമാണിത്,
എന്നെത്തുമെന്നറിയാത്ത മരണത്തേയും കാത്ത്,
നിമിഷങ്ങളെണ്ണിയെണ്ണിയുള്ള ഇരുപ്പ്...
വല കെട്ടിയ ചിലന്തിയുടെ അധ്വാനത്തിനു പോലും ഉപകാരപ്പെടാതെ പോകുന്ന പാഴ്ജന്മങ്ങൾ...
ഇത് വസന്തകാലമാണ്...
പൂക്കൂടുകൾക്കുള്ളിൽ കാറ്റൊളിച്ചിരിക്കുന്ന വസന്തകാലം..
പലതരം പൂക്കളുടെ സമ്മിശ്രഗന്ധമാണിവിടെയെങ്ങും...
ഓരോ ഉദ്യാനവും ഓരോ വേശ്യാലയങ്ങളാണ്...
പലനിറത്തിൽ, പലരൂപങ്ങളിൽ, മനം മയക്കുന്ന ഗന്ധങ്ങളിൽ...
തേവിടിശ്ശിപ്പൂക്കൾ...
വിടരുന്ന മൊട്ടിനെ ചുംബിച്ചുണർത്തി അവളിലലിഞ്ഞു ചേരുന്ന തുഷാരബിന്ദുക്കൾ,
വിടരുന്ന മാത്രയിൽ കന്യകാത്വം കവരുന്ന ശലഭങ്ങൾ...
ബലാത്സംഗം ചെയ്യുന്ന കാറ്റ്..
ഭോഗിച്ചു മതി വരാത്ത വണ്ടുകൾ...
തേവിടിശ്ശിയായി പരിവർത്തനപ്പെടാതെയല്ലാതെ കൊഴിഞ്ഞു പോകുന്നില്ല ഇവിടെയൊരുവളും.. .
ആഹ്, വണ്ടുകളെപ്പറ്റിപ്പറഞ്ഞപ്പോഴാണോർത്തത്...
ഞാനും ഒരു വണ്ടാണ്...
ഏയ് അല്ല, ആയിരുന്നു എന്നു പറയുന്നതാണ് ശരി...
അതെ, മൂന്നു നാൾ മുമ്പു വരെ ഞാനുമൊരു വണ്ടായിരുന്നു...
ഒരു വണ്ടിനൊരിക്കലും പൂവുകളിൽ കാരുണ്യം കണ്ടെത്താനാവില്ല..
പക്ഷെ ഞാനിന്നു കാണുന്നത് ചുറ്റിനും കാരുണ്യം നിറഞ്ഞ പുഞ്ചിരികൾ മാത്രമാണ്...
ശിശിരത്തിലോ ഗ്രീഷ്മത്തിൽ പോലുമോ പലപ്പോഴും അറിയാതെ തന്നെ അവനതിനടിമായായ് മാറാനിടയുണ്ടെന്നാലും,
ഒരു വണ്ടിനും വസന്തകാലത്ത് വിഷാദത്തെ മനസ്സിലാവാഹിക്കാൻ സാധിക്കുകയില്ല...
പക്ഷെ ഇന്നെന്റെ മനസ്സിൽ വിഷാദം തളം കെട്ടിയിരിക്കുന്നു...
പനിനീർ പൂവുകൾ വിടരുന്ന മാത്രയിൽ പരക്കുന്നൊരു വിശിഷ്ടമായൊരു ഗന്ധമുണ്ട്..
ഋതുമതിയായൊരുവളുടെ നിഗൂഢതകൾക്കുള്ളിൽ നിന്നും പരന്നൊഴുകുന്ന വശ്യമായൊരു ഗന്ധം...
ഋഷിയുടെ മനസ്സിളക്കാൻ പോലും ശക്തമായ ഒന്ന്...
ഒരുനാൾ എന്നെ ഏറെ ഉന്മത്തനാക്കിയിരുന്ന ഗന്ധം...
ഇന്നതിന് മരണത്തിന്റെ ഗന്ധമാണ്...
മരണത്തിന്റെ ഗന്ധവും പേറിയാണ് കാറ്റെന്നരികിലേക്ക് വിരുന്നു വരുന്നത്...
എന്റെ ചിറകുകൾ തളർന്നിരിക്കുന്നു...
ചിലന്തികൾ....
ചതിയുടെ ജീവസാക്ഷ്യമാണവ...
താൻ നശിപ്പിച്ച ജീവിതങ്ങളുടെ ബാക്കിപത്രങ്ങളും പ്രദർശിപ്പിച്ച് അങ്ങിനെ ഇരിക്കും, ഒരു ഭീകരനെപ്പോലെ...
പക്ഷേ, കാറ്റൊന്നു ചെറുതായി വീശിയാൽ മതി വലയുടെ മൂലയിലൊളിക്കും....
ഭീരുക്കൾ...
ചുറ്റും ചിതറിക്കുന്നു, എത്രയെത്ര ജീവിതങ്ങൾ...
സുന്ദരമായ ജീവിതത്തിന്റെ വിരൂപമായ ബാക്കിപത്രങ്ങൾ...
നീരുവറ്റിയ അനാഥപ്രേതങ്ങൾ..
ഉദ്യാനങ്ങളിലെ കൂട്ടിക്കൊടുപ്പുകാരാണവർ...
തേവിടിശ്ശികളുടെ മാദകത്വം വിറ്റു കാശാക്കുന്നവർ...
പൂക്കൾക്കു ചുറ്റും മങ്ങിയ വലകൾ തീർത്ത് അവർ കാത്തിരിക്കുന്നു...
മാദകത്വത്തിൽ മയങ്ങിയൊഴുകിയെത്തുന്നവർ മായാനൂലിൽ വീണു പിടയുന്നു...
അവൻ ഭ്രാന്തമായി അട്ടഹസിക്കുന്നൂ...
രക്ഷകനവതരിച്ചിരിക്കുന്നു... ഞങ്ങളുടെ രക്ഷകൻ....
തേവിടിശ്ശികൾ പൊട്ടിച്ചിരിക്കുന്നു...
സുഹൃത്തേ നിങ്ങൾ വന്നു അല്ലേ..
നിങ്ങള്‍ക്കായാണ് ഞാനിത്രയും കാത്തിരുന്നത്...
നിങ്ങൾക്കായി എന്‍റെ കഥ ഒരിക്കൽക്കൂടി ഞാനാവർത്തിക്കാം...
എനിക്കതിൽ സന്തോഷമേയുള്ളൂ...
പകരം.. പകരം നിങ്ങൾക്കെന്നെയൊന്നു പതിയെ വേര്‍പെടുത്താമോ, ഈ നശിച്ച വലയിൽ നിന്നും...
നിങ്ങളുടെ ചെറുവിരൽ കൊണ്ടെങ്കിലും എന്നെയൊന്നു സ്പർശിക്കാമോ..
സുഹൃത്തേ, ഏയ്.. ഞാനിത്രയും പറഞ്ഞിട്ടും നിങ്ങൾക്കെന്നോട് അലിവൊന്നും തോന്നുന്നില്ലേ?
എത്ര നേരമായ് നിങ്ങളാ പനിനീർപ്പൂവിൽ കണ്ണും നട്ടിങ്ങനെ..
ഇങ്ങോട്ടൊന്നു നോക്കൂ...
നിങ്ങളെന്നെ കാണുന്നില്ലേ, ഈ പനിനീർപ്പൂവിനു തൊട്ടടുത്ത് തന്നേ ഞാനുണ്ട്...
ഏയ്, ഞാൻ പറയുന്നതൊന്നും നിങ്ങൾ കേൾക്കുന്നില്ലേ സുഹൃത്തേ...
സന്തോഷമായി,
നിന്റെ കൈകൾ എന്റെ നേർക്കു വരുന്നത് ഞാൻ കാണുന്നുണ്ട്...
അതെന്റെ തൊട്ടടുത്തെത്തിയല്ലോ...
ഇനി നിന്റെ കൈകളാൽ എന്നെ അടർത്തിയെടുക്കൂ...
ഈ നശിച്ച വലയെ പിഴുതെറിയൂ...
ഞാനെന്‍റെ വസന്തത്തിലേക്ക് മടങ്ങിക്കൊള്ളട്ടെ...
നിന്റെ കയ്യുകൾ എവിടെക്കാണ് നീളുന്നത്??
ഏയ്.. ഞാനിവിടെയാണ് സുഹൃത്തെ...
ഇവിടേ...
നിന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, നിന്‍റെ കുറ്റമല്ല സുഹൃത്തേ...
അന്നു ഞാനും പൂവിനെ മാത്രമേ കണ്ടുള്ളൂ..
മൂന്നാമത്തെ തേവിടിശ്ശിപ്പൂവു കൂടി ഇറുത്തെടുക്കപ്പെട്ടിരിക്കുന്നു...
മറ്റൊരുവൾ കണ്ണു തുറക്കുകയാണ് പതിയെ...
................................................................
No comments:
Post a Comment
അഭിപ്രായം ഇവിടെ രേഖപ്പെടുത്തുമല്ലോ....