Friday, 12 August 2016

ഉത്തരം

നീല ജീൻസ്, മഞ്ഞ ടീ ഷർട്ട്..
സുരേന്ദ്രാ, എഴുതിയോടോ?
യെസ് സർ..

അവരോട് ബോഡി താഴേക്കിറക്കാൻ പറ,
ആ, പിന്നെ ആരാ ബോഡി കണ്ടത്??

പുലർച്ചെ മീൻപിടിക്കാൻ പോകുന്ന തൊഴിലാകളാണ് സർ.
അവരാ സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത്...
ഞാൻ വരുമ്പോൾ മൃതദേഹത്തിന് ചൂടുണ്ടായിരുന്നു, മരിച്ചിട്ട് അധികനേരമായിട്ടില്ല എന്ന് വേണം കരുതാൻ..

എന്നിട്ടവരെവിടെ?

അവിടെയുണ്ട് സർ..

എല്ലാവരുടേം അഡ്രസും ഫോൺ നമ്പറും വാങ്ങി വക്കണം..
മൊഴിയെടുത്തിട്ട് വിട്ടാ മതി ഒക്കേത്തിനേം.

പിന്നേ ബോഡി നന്നായൊന്നു പരിശോധിച്ചേക്ക് വല്ല കുറിപ്പോ മറ്റോ കിട്ടിയാൽ...

ഓരോരുത്തന്മാർക്ക് ചാവാൻ കണ്ട സമയം...
മനുഷ്യന്റെ ഒറക്കം കളയാനും വേണ്ടി....
ഇനി വല്ല കൊലപാതകോം ആണോഡേ?
പണ്ടേ ആ ശ്രീനിവാസന്‌ എന്നോട് ചൊരുക്കാ, ഇനീപ്പൊ ഇതു കൂടിയായാൽ തൊടങ്ങും കൃത്യവിലോപത്തിന്റെ വിലാപങ്ങൾ...
ഇനിയിപ്പൊ തലവേദനക്ക് വേറൊന്നും വേണ്ട...
എസ്.ഐ, എസ്.പി ശ്രീനിവാസനെ പ്രാകുകയാണ്‌...

ഇയാളെക്കുറിച്ച് അന്വേഷിച്ചോ?
യെസ് സർ, പഴ്സിൽ നിന്നും ഡ്രൈവിങ്ങ് ലൈസൻസ് കിട്ടിയിരുന്നു, അത് വച്ച് തപ്പി,
ഇവിടെ കിനാപ്പാറ എന്നൊരു സ്ത്ഥലമുണ്ട്, ഇവിടുന്നേകദേശം ഒരു  പതിനേഴു പതിനെട്ടു കിലോമീറ്റർ കാണും,
അവിടെ ഒരു സ്കൂൾ മാഷിന്റെ മകനാ, മഹേഷ്..

ഉം, ഇയാളുടെ വീട്ടിൽ ഇൻഫർമഷൻ കൊടുത്തോ?

ഇല്ല, സർ വന്നിട്ടാവാമെന്നു കരുതി....
പിന്നെ ഇത്, ഇതയാളുടെ ജീൻസിന്റെ പോക്കറ്റിൽ നിന്നും കിട്ടിയതാ...
ഞാനത് എസ്.ഐക്ക് നീട്ടി...

ഒരു പഴ്സ്, പൊട്ടിച്ച ഒരു പാക്കറ്റ് കോണ്ടം, ഒന്നൊഴികെ ബാക്കി ഒൻപതും ഭദ്രം.
ഒരു കടലാസ് കഷ്ണവും...

ഇവനിതെന്തോന്ന്, ചാവാൻ പോവുമ്പോഴും ഇത്ര കഴപ്പാ??
വെറുതെ ജനിപ്പിച്ചവരെ പറയിപ്പിക്കാൻ...
പാക്കറ്റ് എസ്.ഐയുടെ കയ്യിൽക്കിടന്ന് ഞെരിഞ്ഞു..
വായിക്ക്...
വികൃതമായ ചിരിയോടെ എസ്.ഐ കടലാസ് എന്റെ നേർക്ക് നീട്ടി...

വെളുപ്പാംകാലത്തെ മഞ്ഞേറ്റാവണം അത് കുതിർന്നിരുന്നു...
പലയിടത്തും മഷി പടർന്നിരിക്കുന്നു....

"പ്രിയപ്പെട്ട ചേച്ചിക്ക്,
ഈ അനിയനെ വെറുക്കരുത്...
പാപിയാണ്‌ ഞാൻ, പൊറുക്കാവുന്ന തെറ്റല്ല ചെയ്തതെന്നുമെനിക്കറിയാം
എത്ര ജന്മം നരകിച്ചാലാണ്‌, എത്ര പാപനാശിനികളിൽ മുങ്ങിയാലാണ്‌ എനിക്കിത് മായ്ക്കുവാൻ കഴിയുക?
ഞാനീ ചെയ്യുന്നതും ശരിയാണോയെന്നുമറിയില്ല..
എങ്കിലും വയ്യ, ഇനിയുമിങ്ങനെ നീറി ജീവിക്കുവാൻ..
ഞാൻ പോവുകയാണ്‌...
ഒരപേക്ഷയേയുള്ളൂ, ഈ അനിയനെ വെറുക്കരുത്...
ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നു മാത്രമറിയുക...
വിട...
ചേച്ചിയുടെ മഹേഷ്..."

പുറകിലൊരു അഡ്രസും ഉണ്ട് സർ..
മാലിനി k.m
c/o വസുമതിയമ്മ..
പാ****** വീട്,
ചിറാമൂഴി.

ഹോ സമാധാനമായി...
ചെക്കൻ സ്വയം കെട്ടിത്തൂങ്ങീതാ...
എസ്.ഐ നെടുവീർപ്പിട്ടു....

എത്രയും പെട്ടെന്ന് പോസ്റ്റ്മോർട്ടത്തിനുള്ള ഏർപ്പാട് ചെയ്യണം..
വീട്ടിലറിയിക്കാനും...
താനുണ്ടാവണം ഇവിടെ, ഒറ്റക്കിരിക്കണ്ട സുകുമാരനെ കൂടി ഇട്ടേക്കാം..
ഞാനൊന്നു വീട്ടിൽ പോയേച്ചും വരാം..
നേരം വെളുക്കണല്ലേ ഉള്ളൂ...

പിന്നെ ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷിക്കണം, എട്ട്‌ മണിക്ക് റിപ്പോർട്ട് എന്റെ മേശപ്പുറത്തുണ്ടാവണം...
Do you understand?
യെസ് സർ...

തലയിലെ തൊപ്പി തിരികെ വച്ച് എസ്.ഐ തിരികെ നടന്നു...
ജീപ്പ് സ്റ്റാർട്ട് ആവുന്ന ശബ്ദം...

നേരം മൂന്നാവുന്നതേ ഉള്ളൂ,
നേരം വെളുക്കാൻ ഇനിയുമുണ്ട് മൂന്ന് മണിക്കൂർ...
അരിച്ചിറങ്ങുന്ന തണുപ്പ് അസഹ്യമായിരിക്കുന്നു...

സുകുമാരൻ ഒരു സിഗരറ്റിനു തിരി കൊളുത്തി...
എന്നാ തണുപ്പാ അല്യോടേ?
സുകുമാരൻ ആരൊടെന്നില്ലതെ ചോദിച്ചു.

അതെ..

എന്നാലും ഈ പയ്യന്മാരുടെ ഒരു കാര്യം...
അരിയെത്താൻ ഇനീമെത്ര ബാക്കി... അപ്പൊ അവനു അത് പോരാ...
പോയപ്പോ ആർക്ക് പോയീ...

സുകുമാരൻ പറഞ്ഞു കൊണ്ടേയിരുന്നു...

ടേയ്, ഡേയ് സുരേന്ദ്രാ, ഞാനൊന്ന് വീട്ടിപ്പോട്ടെടാ...

അപ്പോ അതാണ്‌ കാര്യം, സ്റ്റേഷനീ വച്ച് കണ്ടാ തൊണ്ട അനങ്ങാത്തോനാ...
ഇപ്പഴാണ് ക്ഷേമാന്വേഷണത്തിന്റെ കാര്യം പിടികിട്ടീത്...

ഏയ് നടക്കണ കാര്യം വല്ലോം പറ സുകുമാരാ..
താൻ പോയാ പിന്നെ ഈ അനാഥശവത്തിന്റൊപ്പം ഞാൻ മാത്രാ.. ഏയ് എനിക്കൊന്നും പറ്റില്യ...
താനവിടെ മിണ്ടാണ്ടിരി... നേരം വെളുത്തിട്ട് പോയാ മതി...

ഹയ്യ, നല്ല പോലിസ്കാരൻ തന്നെഡേ...
ഇതിനു പോലും ധൈര്യമില്ലാത്ത താനെങ്ങനാടോ ഇത്രേം കാലം പിടിച്ച് നിന്നത്...
ഇപ്രാവശ്യം സുകുമാരൻ എന്റെ മർമ്മത്ത് തന്നെ തട്ടി...

അതല്ലട സുരേന്ദ്രാ, പെണ്ണുമ്പിള്ള ഒരാഴ്ച വീട്ടീപ്പോയിട്ട് ഇന്നലേ തിരികേ ലാൻഡ് ചെയ്തേ..
രണ്ടെണ്ണം അടിച്ച് ഒന്നു മൂഡൊക്കെ ആയി വന്നപ്പഴാ,ഒരു നായിന്റെ മോൻ കെട്ടിത്തൂങ്ങിക്കിടപ്പുണ്ടെന്നും പറഞ്ഞ് സ്റ്റേഷനീന്ന് വിളി വന്നേ...
രണ്ടടി വച്ചാ എന്റെ വീടായി...
ഞാൻ ശ്ശടേന്നു പോയേച്ചുമിങ്ങു വരാന്നേ...
സുകുമാരൻ പ്രതീക്ഷയോട് കൂടി എന്നെ നോക്കി...

നാശം ശരി, പോയി വാ, ധൃതിയൊന്നും വേണ്ട, വെളുക്കുമ്പോഴെക്കുമിങ്ങെത്തിയാ മതി..
ഈയൊരു കാര്യായിപ്പോയീ അല്ലെങ്കീ...
കുറച്ചു നേരത്തെ വാദപ്രതിവാദങ്ങൾക്കപ്പുറം ഞാൻ പറഞ്ഞു,
സിഗരറ്റിന്റെ വെളിച്ചത്തിനൊപ്പം സുകുമാരന്റെ മുഖവും തെളിഞ്ഞു...

ഡേയ്, നീ സുരേന്ദ്രനല്ല, മുത്താണ്‌ മുത്ത് സുരേന്ദ്രൻ... സുകുമാരൻ പോവാനുള്ള ധൃതിയിലാണ്‌...
സുകുമാരന്റെ കാലൊച്ച അകന്നകന്നു പോയി...
ഭയാനകമായ നിശ്ശ്ബ്ദത തളം കെട്ടിയിരിക്കുന്നു...

കണ്ടിട്ട് നല്ല വീട്ടിലെ പയ്യനാണെന്നു തോന്നുന്നു.. എന്നാലും ഇവനെന്തിനാവോ ഈ കടുംകൈ ചെയ്തത്?
കയ്യിലെ ടോർച്ചെടുത്ത് ഞാൻ മൃതദേഹത്തിന്റെ നേർക്ക് തെളിച്ചു...
പുറത്തേക്ക് തുറിച്ചു നില്‌ക്കുന്ന കണ്ണും നാവും...
കഴുത്തിലെ കയറടയാളം വ്യക്തമായി കാണാം..
പതിയെ ഒരു ഭയം എന്നിലാവേശിക്കുന്നത് പോലെ തോന്നി...
സുകുമാരനെ പറഞ്ഞു വിടേണ്ടിയിരുന്നില്ല...
ഞാൻ മനസ്സിലോർത്തു...
നല്ല ഉറക്കം വരുന്നുണ്ട്...
വല്ലാത്ത ക്ഷീണം...
ഉറങ്ങാൻ അനുവാദമില്ല, ഈ പുഴയോരത്ത് വല്ല കുറുക്കനോ നരിയോ വന്ന് ബോഡി കടിച്ചു കീറാനും മതി...
പിന്നെ സസ്പെൻഷനു കൈ നീട്ടുകയേ വേണ്ടൂ...
വെളുക്കാനിനിയും ഏറെ ബാക്കി...
മനസ്സെവിടെക്കെങ്കിലും തിരിച്ചു വിടേണ്ടത് അത്യാവശ്യം തന്നെ...
അല്ലെങ്കിലൊരുപക്ഷേ വെളുക്കുമ്പോഴേക്കും മനസ്സിനു ഭ്രാന്തു പിടിച്ചേക്കും...
ഞാൻ മൊബൈൽ കയ്യിലെടുത്തു...
ഇയർഫോൺ കുത്തി മുസിക് പ്ലെയെർ ഓൺ ചെയ്തു...
പാതി നിർത്തിയിടത്തു നിന്നും വേണുഗോപാൽ പാടുന്നു...

“എന്നോടെന്തിനൊളിക്കുന്നു നീ സഖീ,
എല്ലാം നമുക്കൊരു പോലെയല്ലേ??”

ഉറക്കം കണ്ണുകളിൽ മാടി വിളിക്കുന്നു.. ഞാൻ അപകടം തിരിച്ചറിഞ്ഞു..
മുസിക് പ്ലെയറിന്റെ ഫൊർവേഡ് കീ അമർത്തി...

“ദേവസഭാതലം രാഗിലമാകുവാൻ,
നാദ മയൂഖമേ.......”

ദാസേട്ടൻ പാടിത്തുടങ്ങി...
ഇരുട്ടിനു കട്ടി കൂടിയോ?
ഏയ് തോന്നിയതാവും...
അല്ല, ഇപ്പോഴിവിടെ വെളിച്ചം പരന്നിരിക്കുന്നു...
ഇത്ര പെട്ടെന്ന് നേരം വെളുത്തോ?
ഞാനിതെവിടെയാണ്‌?
തലപ്പാവു വച്ച മനുഷ്യർ,
വർണ്ണാഭമായ കസേരകൾ...
നടുവിൽ ഒരു മെത്തക്കിരുവശവും രണ്ടുപേർ...
ആ മനുഷ്യൻ അയാളെ ഞാനെവിടെയോ??
ചുറ്റിനും വാദ്യോപകരണങ്ങൾ, ദ്രുതമായ് ചലിക്കുന്ന കയ്യുകൾ..
അവരുടെ ചുണ്ടുകൾ അനങ്ങുന്നുണ്ട്,
പക്ഷേ നിശബ്ദത തളം കെട്ടിയിരിക്കുന്നു...
നിശബ്ദതയെ ഭേദിച്ച് കൊണ്ട് നാദം പൊഴിഞ്ഞു വീണിരിക്കുന്നു....

“സ്വാഗതം....
സന്തോഷകാരകസ്വരം, സ്വരം സ്വരം സ്വരം...
അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം...”

അത് അബ്ദുള്ളയാണ്‌... അതെ അബ്ദുള്ള....
കാഴ്ചകൾ അവ്യക്തമാകുന്നു..
ഇപ്പോൾ അബ്ദുള്ളയില്ല,
അന്തരീക്ഷത്തിൽ പതിഞ്ഞ സ്വരത്തിൽ ആ ഗാനമിപ്പോഴും അലയടിക്കുന്നു..
ഈ മുറിയിൽ ആകെ ഇരുട്ടാണ്‌...

ആദ്യമായിട്ടാണല്ലേ...
അതാ ഈ പരവേശം...
ഇരുട്ടിൽ നിന്നുമൊരു സ്ത്രീശബ്ദം...
ആർക്ക് പരവേശം??
അത് നിന്റെ തന്തക്ക്...
ഞാൻ പറഞ്ഞു...

മുറിയിൽ അരണ്ട മഞ്ഞവെളിച്ചം പരന്നിരിക്കുന്നു...
ഞാനവളെ കിടക്കയിൽ നിന്നെഴുന്നേല്പിച്ചു
അവൻ പറഞ്ഞത് പോലെ തന്നെയുണ്ട്...
നല്ല കിടിലൻ ചരക്ക് തന്നെ...
ഈ ചുവന്ന സാരിയിൽ അവൾ ഏറെ സുന്ദരിയായിരിക്കുന്നു...
എന്താ ഇങ്ങനെ നോക്കുന്നേ, പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? അവൾ ചിരിച്ചു...
നിന്നെപ്പോലെ എത്ര എണ്ണം വഴുതിപ്പോയതാടീ ഈ കയ്യിലൂടേ...
ഞാൻ ഉള്ളിലെ പരിഭ്രമം പുറത്തു കാണിക്കാതിരിക്കാൻ ഒരു വിഫല ശ്രമം നടത്തി...
ആഹാ, എന്നിട്ടാണോ കിടന്നു വിയർക്കുന്നേ... നമ്മളിതൊക്കെ എത്ര കണ്ടതാ മാഷേ..
കള്ളി വെളിച്ചത്തായിരിക്കുന്നു...
ഞാൻ പറഞ്ഞു, ശരിയാ ഞാനാദ്യമായാ ഇങ്ങനെ...
ജാള്യതയോടെ ചിരിച്ചു.
നമ്മള്‌ ദിവസോം എത്ര എണ്ണത്തിനെ കാണുന്നതാ മാഷേ,
കോഴിയേ കണ്ടാ പിടി കിട്ടും മുട്ടയിടാറായതാണോ അല്യോന്ന്...
അവൾ പൊട്ടിച്ചിരിച്ചു...
ഉള്ളിലെ ജാള്യത മറക്കാൻ ഞാനും ചിരിയിൽ പങ്കു കൊണ്ടു....

ഞാനവളെ എന്റെ നേർക്കു തിരിച്ചു നിർത്തി...
പതിയെ സാരിയിൽ പിടുത്തമിട്ടു...
അവളെതിർത്തില്ല, തലകുനിച്ചു നിന്നു...
പതിയെ ഞാനതഴിച്ചു മാറ്റി...
പാവടയിലും ബ്ലൗസിലും അവൾ ഒന്നു കൂടി സുന്ദരിയായിരിക്കുന്നു...
ബ്ലൗസിനടിയിലൂടെ ബ്രേസിയർ നിഴലടിക്കുന്നു..
ആ കാഴ്ചയെന്നെ കൂടുതൽ ഉന്മത്തനാക്കി.
എന്നിലെ മൃഗം ഉണരുകയാണ്‌...
ഞാനവളെ ഇറുകെ പുണർന്നു..
പതിയെ എന്റെ കൈകൾ ബ്ലൗസിന്റെ ഹുക്കുകളിലേക്ക് നീങ്ങി...
ഞാൻ ലൈറ്റണക്കട്ടെ... അവൾ കുതറി മാറി....
മുറിയിൽ ഇരുട്ടു പടർന്നു...
തളം കെട്ടിയ നിശ്ശ്ബ്ദ്തയെ കീറിമുറിച്ച് ഉച്ഛാസനിശ്വാസങ്ങൾ പെയ്തു കൊണ്ടിരുന്നു...
ഒടുവിലൊരു നെടുവീർപ്പായി അത് തളർന്നു വീണു...

കുറച്ചു വെള്ളം കിട്ടുമോ? ഞാനണച്ചു കൊണ്ടു ചോദിച്ചു...
ചുമരരികത്തുണ്ട്, അവൾ പറഞ്ഞു...

ഞാൻ ലൈറ്റ് ഓൺ ചെയ്തു...
അവൾ പുതപ്പിനടിയിലേക്ക് ഊളയിട്ടു...
മുഖം പുറത്തിട്ട് പറഞ്ഞു ദാ അവിടെ..
കൂജയിൽ നിന്നും വെള്ളം ഗ്ലാസ്സിലേക്ക് പകർന്നു...
എന്റെ നഗ്നതയിൽ എനിക്ക് ലജ്ജ തോന്നിയില്ല...
പകരം അവളെ അനാവൃതയായി കാണനുള്ള മോഹമായിരുന്നു മനസ്സിലപ്പോൾ... 
ഞാൻ പുതപ്പിൽ പിടിച്ചു വലിച്ചു...
വിചാരിച്ചത്ര എളുപ്പമായിരുന്നില്ല അത്.. അവളതിൽ ബലമായി പിടിച്ചിരുന്നിരിക്കണം...
അത് വേണ്ട... എനിക്കതിഷ്ടമല്ല...
ഞാൻ വീണ്ടും പിടിച്ചു വലിച്ചു...
വേണ്ടെ മാഷേ... വേണ്ട...

അത് കൊള്ളലോ, പൈസ തരാനറിയാമെങ്കിൽ നിന്നെ എന്തൊക്കെ ചെയ്യണമെന്നും എനിക്കറിയാം...
പുതപ്പ് മാറ്റാനാ പറഞ്ഞേ...

അവളുടെ പ്രർത്ഥന കേട്ടാവണം മുറിയിലാകെ ഇരുട്ട് പരന്നു...

നാശം കറന്റ്‌ പോയീന്നാ തോന്നണേ...
നീയാ തീപ്പെട്ടിയിങ്ങെടുത്തേ...
ഇവിടെ തീപ്പെട്ടീം സോപ്പുപെട്ടീമൊന്നുമില്ല... വന്നു കിടക്കാൻ നോക്ക് മാഷേ...
അവൾ വിഷയം മാറ്റാനുള്ള ശ്രമത്തിലാണ്‌...
ഞാൻ കുറച്ചു നേരം അങ്ങിനെ തന്നെ നീന്നു...
പിന്നെ പതിയെ കിടക്കയിലേക്ക് വീണു...
അവൾ എന്നെ പുതപ്പു കൊണ്ടു മൂടി...
ങും ഇനി കണ്ടോ...
ഇരുട്ടിലവളുടെ പൊട്ടിച്ചിരിയുണർന്നു...
പിണങ്ങിയോ?

എനിക്കങ്ങിനെയാണു മാഷേ...
എനിക്കതിനു കഴിയില്ല...
ഇരുട്ടിൽ ചെയ്യുന്ന പാപങ്ങൾ ആരും കാണുന്നില്ലെന്ന വൃഥാവിശ്വാസത്തിൽ ആശ്വാസം കണ്ടെത്തുന്ന ഒരുവളാണ്‌ ഞാൻ...
ഇഷ്ടമുണ്ടായിട്ട് തിർഞ്ഞെടുത്തതല്ല ഈ തൊഴിൽ,
സ്നേഹിച്ചവർ വഞ്ചിച്ചപ്പോൾ നിവൃത്തിയില്ലാതെ വന്നു പെട്ടു...
ജീവിക്കാൻ വേറെ മാർഗ്ഗമൊന്നുമില്ലായിരുന്നു... പിന്നെ അത് തന്നെയങ്ങിനെ..
.
എനിക്ക് കേൾക്കണ്ട നിങ്ങളുടെ പുരാണം... എല്ലാ വേശ്യകൾക്കും പറയാനുണ്ടാകും ഈ ചീപ്പ് സെന്റിമെന്റ്‌ കഥകൾ...
മനസിൽ ചിന്ത വേറൊന്നയിരുന്നുവെങ്കിലും ഞാൻ അനിഷ്ടം ഭാവിച്ചു.

അവളത് കേൾക്കാത്ത ഭാവത്തിൽ തുടർന്നു.. 
നിനക്കറിയോ, നിന്നെ കണ്ടപ്പോൾ എനിക്കാദ്യം ഓർമമ വന്നത് എന്റെ അനിയനെയാ...
വീട്ടുകാരെ എതിർത്തന്ന് വിനോദേട്ടനൊപ്പം ഇറങ്ങിപ്പോരുമ്പൊൾ അവനന്ന് ആറു വയസ്സാ, സത്യത്തിൽ കൊഞ്ചിച്ചു മതിയായിരുന്നില്ല എനിക്കവനെ...
ഇപ്പൊ ഏകദേശം നിന്റെ പ്രായം കാണൂം....

ഞങ്ങൾക്കിടയിൽ ഊഷ്മളമായൊരു ബന്ധമുയർന്നു വരുന്നത് ഞാനറിഞ്ഞു...

അല്ലാ അപ്പോ നിങ്ങളുടെ സ്വന്തം നാട്?
ഞാൻ ചോദിച്ചു...
എന്തിനാ എന്നെകെട്ടാൻ വല്ല പ്ലാനുമുണ്ടോ? ഒരു ചിന്നവീടൊക്കെ വച്ച്...
അവൾ ചിരിച്ചു..

ഏയ് അതിനൊന്നുമല്ല, ചുമ്മാ ഇത്രേം പറഞ്ഞില്ലേ ഇനി അതും കൂടി പറഞ്ഞാലെന്താ...

കിനാപ്പാറ.. അവൾ പറഞ്ഞു....

കിനാപ്പാറയോ?? ഞാനും അവിടത്ത്കാരനാ... അവിടെ എവിടെ??

അവളൊന്ന് ഞെട്ടി...
നീ?? കിനാപ്പാറ??...

അതെ കിനാപ്പാറ,  അവിടേ?

ഏയ് അവിടെയല്ല, അവൾ പരുങ്ങി..

പിന്നെവിടേ? ഞാൻ ചോദിച്ചു...
അത്, അത്.. വാക്കുകൾ കിട്ടതെ അവൾ പരുങ്ങി...
പ, പാ, പാലക്കാട്.. അവൾ പറഞ്ഞൊപ്പിച്ചു...

നിങ്ങളേന്നോട് കള്ളം പറയുന്നു, നിങ്ങളുടെ വീട് കിനാപ്പാറ തന്നെയാണ്‌ എനിക്കറിയാം...
വാക്കുകൾക്ക് യാതൊരു വിലയുമില്ലാത്തവരാണ്‌ നിങ്ങൾ...
ഒരു നിമിഷം പറയും അനിയനെപ്പോലെയാണെന്നു.. അടുത്ത നിമിഷം അപരിചിതനെപ്പോലെ പെരുമാറും...
നീ മാത്രമല്ല എല്ലാ സ്ത്രീകളും അത് പോലെ തന്നെ...

നിന്റെ അമ്മയും? അവൾ ചോദിച്ചു..

മുഖത്തടിയേറ്റപോലെ ഞാൻ പുളഞ്ഞു.
പുലയാടി മോളേ!! എന്റെ അമ്മയെപ്പറയാൻ മാത്രം വളർന്നോടീ... ഞാനവവളുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു..

കഴുത്തിലെ പിടുത്തമയഞ്ഞപ്പോൾ അവൾ ചുമച്ചു കൊണ്ടിരുന്നു...

നിങ്ങൾ തന്നെയാണ്‌ പറഞ്ഞത്..
എല്ലാ സ്ത്രീകളൂം...
അതോ നിങ്ങളുടേ അമ്മ പെണ്ണല്ലെന്നുണ്ടൊ??
അവൾ പറഞ്ഞു നിർത്തി..

ഞാനുത്തരത്തിനായി പരതി..

അതെ, എന്റെ വീട് കിനാപ്പാറ തന്നെയാണ്‌...
അവൾ തുടർന്നു
അടഞ്ഞ അദ്ധ്യായങ്ങൾ വീണ്ടും തുറക്കണ്ടല്ലൊ എന്നു കരുതി.
അവിടെ ഒരു മോഹനൻ മാഷിനെ അറിയുമോ? അയാളുടെ മൂത്ത മകൾ... മാലിനി...

മാലിനി!..
എന്റെ നെഞ്ചിനുള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞുപോയി...
മാലിനി, അമ്മ എന്നും കണ്ണീരോടെ പറഞ്ഞിരുന്ന പേര്‌...
അഞ്ചു വയസ്സുകാരന്റെ ഓർമ്മയിലെ അവ്യക്ത മുഖം....
എനിക്ക് സമനില തെറ്റുന്ന പോലെ തോന്നി..

ചേച്ചീ!!

ഞാനൊരു തേങ്ങലോടെ വിളിച്ചു...
വാക്കുകൾ എന്റെ തൊണ്ടയിൽ പിടഞ്ഞു വീണു...

കഴിയുമെങ്കിലൊരുപകാരം ചെയ്യണം, എന്നെ കണ്ടകാര്യം ഒരിക്കലും അവിടെയാരും അറിയില്ല എന്നെനിക്ക് വാക്ക് തരണം..
നിങ്ങളിതാരോടും പറയില്ലല്ലോ അല്ലേ... അവൾ കണ്ണുനീർ തുടച്ചു കൊണ്ടു ചോദിച്ചു...

ഇല്ല ചേച്ചി, ഞാനരോടും പറയില്ല,  ഞാനരോടും പറയില്ല..
വാക്കുകൾ യാന്ത്രികമായി അടർന്നു വീണു...

ഏയ് നീയെന്താടാ കരയുന്നേ, കൊച്ചു പിള്ളാരെപ്പോലെ... അയ്യേ, മുഖത്തൊരു ചിരി വിടർത്തി ചോദിച്ചു...

ചേച്ചീ, അത്, അത്..
മോഹനൻ മാഷ്, മോഹനൻ മാഷ്, അതെന്റെ അച്ഛനാണ്‌...

നീയെന്താ പറഞ്ഞേ?? എടാ നീയെന്താ പറഞ്ഞേന്ന്??
ഒരു നിമിഷം അവൾ നിശബ്ദയായി ഇരുന്നു..
ഞാനവളുടെ തോളിൽ കൈവച്ചു...
കുട്ടുവാ ഞാൻ... ചേച്ചീടെ...
പറഞ്ഞു മുഴുവനാക്കാൻ സമ്മതിച്ചില്ല..
അവളെന്നെ ശക്തമായി തള്ളി...

ഞാൻ കട്ടിലനടിയിലേക്ക് വീണു... തലയെവിടെയോ ഇടിച്ചതിന്റെ അസഹ്യമായ വേദന...

ഞാൻ പതിയേ എഴുന്നേറ്റു.. വേച്ചു പോയി... ഭിത്തിയിൽ താങ്ങി... 

അതെ ചേച്ചി, ചേച്ചീടെ കുട്ടുവാ ഞാൻ... തലയ്ക്കലെ മോഹനന്റേം മാലതീടേം രണ്ടാമത്തെ മകൻ... മഹേഷ്....

കറന്റ് വന്നിരിക്കുന്നു..
നൂൽബന്ധമില്ലാതെ ചുമരരികത്ത് കൂനിയിരിക്കയാണവൾ...
അഞ്ചു നിമിഷം മുമ്പ് കാണാൻ ഞാനേറെയാഗ്രഹിച്ച കാഴ്ച...
ഇപ്പോഴെന്തോ എന്റെ മനസിൽ ആഹ്ലാദം പകരാൻ അതിന് കഴിയാതെ പോകുന്നു...

ഒരു നിമിഷം പരന്ന ഭയാനകമായ മൂകത ഭേദിച്ചതൊരു ആക്രോശമായിരുന്നു...

സമനില തെറ്റിയവളെപ്പോലെ അലറുകയായിരുന്നു അവരപ്പോൾ...

അവളെന്നെ വാതിലിനു പുറത്തേക്ക് തള്ളി....

ദൈവമേ, നീയെന്തിനെന്നോടിങ്ങനെ...
അവൾ തേങ്ങി കൊണ്ടിരുന്നു....

കട്ടിലിന്റെ സൈഡിലിട്ടിരുന്ന ടീഷർട്ടും ജീൻസുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി...
ഇങ്ങോട്ടു വരാൻ തോന്നിയ നിമിഷത്തെ ഞാനാദ്യമായി ശപിച്ചു...
സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റത്തിൽ ഉലയുകയായിരുന്നു മനസ്സ്..
പറയേണ്ടിയിരുന്നില്ല...
മനസിൽ കുറ്റബോധം തോന്നി..
വല്ലാത്തൊരു അവസ്ത്ഥയായിരുന്നു അത്...
കൈവിട്ടു പോയതെന്തോ തിരികെ കിട്ടിയ ആഹ്ലാദമായിരുന്നു..
മനസ്സെത്ര വിചിത്രമാണ്‌...
ദൈവമേ ഞാനെന്തൊരു പാപിയാണ്‌...

ബൈക്ക് സ്റ്റാർട്ട് ചെയ്തു വഴിയിലേക്കിറങ്ങി...
വഴിയിലൊന്നും വ്യക്തമാവുന്നില്ല, തല ചുറ്റുന്നുണ്ടോ....
ഞാൻ ഹെഡ് ലൈറ്റ് ബ്രൈറ്റ് ആക്കി...
ആകെ ഒരു മങ്ങൽ.. അവരുടെ മുഖമാണെങ്ങും....
ഇല്ലാ, ഞാൻ ജീവിച്ചിരിക്കാൻ അർഹനല്ല...
ഒരിക്കലുമല്ല...
മനസ്സിലതുറപ്പിച്ച് ആക്സിലേറ്റർ തിരിച്ചു..
കടിഞ്ഞാണില്ലാത്ത കുതിരയേപ്പോലെ ബൈക്ക് പാഞ്ഞു...
വീടെത്താറായിരിക്കുന്നു....

പെട്ടെന്നാണത് സംഭവിച്ചത്,
ബൈക്കൊന്നു ആടിയുലഞ്ഞു...
ആരോ ശക്തമായി കുലുക്കുന്ന പോലെ....
വഴിയിലാകെ വെട്ടമുദിച്ചു വരുന്നു..
ഇത്ര വേഗം നേരം വേളുത്തോ?
വെളിച്ചം ശക്തിയാർജ്ജിക്കുകയാണ്‌...

പരിചിതമലല്ലാത്ത  ഏതോ ഒരു ശബ്ദം...
ചുറ്റും കാറ്റാഞ്ഞടിക്കുന്നു....
മഴപെയ്യുന്നുണ്ടോ...

ഇപ്പോൾ ശബ്ദം വ്യക്തമാവുന്നുണ്ട്....
ഡേയ്, സുരേന്ദ്രാ, ഡേയ് കണ്ണു തൊറ... ദൈവമേ ഇങ്ങനെയൊരു പേടിത്തൂറിയെ ആണല്ലോ ഞാനിവിവിടെ ഒറ്റക്കാക്കി പോയത്...
കണ്ണു തൊറെക്കെടാ മൈ.......

സുകുമാരന്റെ ശബ്ദം....
ഡേയ്  സാറിപ്പൊ വരുമെഡേ,

മുഖത്തേക്കു ശക്തിയായി വെള്ളം വന്നു വീണു...
ഞാൻ എഴുന്നേറ്റിരുന്നു കണ്ണു മിഴിച്ചു...

ആ സുകുമാരാ, നീ വന്നോ...
നേരം വെളുത്തോ?
ഞാനൊന്നുറങ്ങിപ്പോയി...

നേരം, എന്നെക്കൊണ്ടൊന്നും പറയിക്കണ്ട...

നിമിഷങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു...

നേരം ഉച്ചയാകുന്നു..
ഞാനെന്റെ വിചിത്രമായ അനുഭവത്തെക്കുറിച്ചോർത്തു...
സുകുമാരനോട് അതേപ്പറ്റി പറയുവാൻ ഞാൻ ഭയന്നു..
പറഞ്ഞാലും അവൻ വിശ്വസിക്കില്ല...

പോസ്റ്റ്മാർട്ടമൊക്കെ കഴിഞ്ഞല്ലോ,
ഞാനൊന്നു വീട്ടിൽ പോയിട്ട് വരാം...
നീ പോയിട്ട് വാ അളിയാ, സുകുമാരൻ ചിരിച്ചു..

പോക്കറ്റിൽ നിന്നും കുറിപ്പെടുത്തു...
വിലാസം മനസ്സിലുറപ്പിച്ചു
വസുമതിയമ്മ, ചിറാമൂഴി...
ഞാൻ ബസ്സ്റ്റോപ്പിലേക്ക് നടന്നു..
അല്പനേരത്തെ കാത്തിരിപ്പിനൊടുവിൽ ബസ് വന്നിരിക്കുന്നു...

ഒരു ചിറാമൂഴി...

ഒമ്പത് രൂപ...
ഞാൻ പത്തുരൂപാ കണ്ടക്ട്ർക്കു നീട്ടി..

ബസിറങ്ങി ഞാനാ വീടിനെ ലക്ഷ്യമാക്കി നടന്നു...

വീടിനു സൈഡിൽ ഒരു പോലീസ് ജീപ്പ് ഒതുക്കിയിട്ടിരിക്കുന്നു..
ചെറിയൊരാൾക്കൂട്ടവുമുണ്ട് വീടിനു മുന്നിൽ...
ഞാനവരെ വകഞ്ഞു മാറ്റി മുന്നോട്ട് നടന്നു..

ചുവന്ന ബ്ലൗസ്... ക്രീം കളർ പാവാട..
എഴുതിയോടോ??
യെസ് സർ....

അവള്‌ പണ്ടേ പെഴച്ചതാ, ചാവുന്നത് തന്യാ നാടിന്‌ നല്ലത്.
അല്ലേലും ഇവളുമാർക്കൊക്കെ ഇതു തന്ന്യാ ഗതി..
ആൾക്കൂട്ടത്തിൽ നിന്നൊരു ശബ്ദം എന്റെ കാതിൽ വന്നു പതിച്ചു..

എന്റെ കാലുകൾ തളരുകയാണ്,
ഞാൻ തിരിഞ്ഞു നടന്നു...
.........................................

No comments:

Post a Comment

അഭിപ്രായം ഇവിടെ രേഖപ്പെടുത്തുമല്ലോ....